അർജന്റീന താരത്തെ ടീമിലെത്തിക്കാൻ ബ്രസീലിന്റെ വല്യേട്ടൻ രംഗത്ത്, നീക്കങ്ങൾ ആരംഭിച്ചു

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകം മുതൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ നടക്കുന്നത്. നിരവധി വമ്പൻ സൈനിംഗുകൾ കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിൽ അവർ നടത്തി. അതിനു ശേഷം താരങ്ങളെ ഒഴിവാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ടീമിലെ പ്രധാനികളായ പല താരങ്ങളും മറ്റു ക്ളബുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു.

പുതിയ പരിശീലകനായ പോച്ചട്ടിനോയുടെ നിർദ്ദേശപ്രകാരം ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുന്നതിനു പുറമെ പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കാനും ചെൽസി ശ്രമം നടത്തുന്നുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ പ്രധാന ലക്ഷ്യമായ താരം ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന അർജന്റീന താരം ഡിബാലയാണ്. താരത്തെ ടീമിലെത്തിക്കാൻ പോച്ചട്ടിനോക്ക് വലിയ താൽപര്യമുണ്ട്.

കഴിഞ്ഞ ദിവസം ബ്രസീലിന്റെ പ്രതിരോധതാരമായ തിയാഗോ സിൽവ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ചെൽസി താരമായ സിൽവ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സിൽ വെച്ച് ഡിബാലയെ കണ്ടിരുന്നു. ചെൽസിയിലേക്ക് വരുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഡിബാലയോട് അന്വേഷണം നടത്തിയെന്നും എന്നാൽ താരം മറുപടി ഒന്നും നൽകിയില്ലെന്നുമാണ് സിൽവ പറഞ്ഞത്. താരം വന്നാൽ അത് ക്ലബിന് നേട്ടമാകുമെന്നും സിൽവ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയ ഡിബാല ക്ലബ് തലത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. റോമയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കാൻ താരം പങ്കു വഹിച്ചിരുന്നു. റോമ ആരാധകരുടെ പ്രിയപ്പെട്ട താരമാണെങ്കിലും ഡിബാല ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ ഉറപ്പില്ല. പന്ത്രണ്ടു മില്യൺ യൂറോ മാത്രമാണ് റിലീസ് ക്ലോസെന്നത് താരത്തെ വാങ്ങാൻ വരുന്ന ക്ളബുകൾക്കും അനുകൂലമായ ഘടകമാണ്.

You Might Also Like