അർജന്റീന ടീമിന്റെ അടിത്തറയിളകുന്നു, രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്ന് സ്‌കലോണി

ബ്രസീലിനെതിരെ അർജന്റീന വിജയം നേടിയതിന്റെ സന്തോഷം ഇല്ലാതാക്കിയാണ് പരിശീലകനായ ലയണൽ സ്‌കലോണി അർജന്റീന പരിശീലകസ്ഥാനം ഉപേക്ഷിക്കാൻ പോവുകയാണെന്ന സൂചന നൽകിയത്. ബ്രസീലിനെതിരെ വിജയം നേടിയതിനു ശേഷം ടീമിലെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം ഒരുമിച്ച് ഫോട്ടോ എടുത്തത് ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ നിറം പകർന്നു. അർജന്റീന ആരാധകർക്ക് വലിയ ആശങ്കയാണ് ഈ സംഭവങ്ങൾ സൃഷ്‌ടിച്ചത്‌.

അർജന്റീന ടീമിലെ പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറുകയാണ് ചെയ്യുന്നത്. രണ്ടാഴ്‌ചക്കുള്ളിൽ അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ നറുക്കെടുപ്പ് ആരംഭിക്കാൻ പോവുകയാണ്. ഇതിൽ പങ്കെടുക്കാൻ സ്‌കലോണി ഉണ്ടാകില്ലെന്ന തീരുമാനം എടുത്തുവെന്നും പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വർഷം ലോകകപ്പ് വിജയിച്ച അർജന്റീന ടീമിലെ കോച്ചിങ് സ്റ്റാഫിന് നൽകേണ്ട ബോണസ് ഇപ്പോഴും നൽകാത്തതിനെ തുടർന്നാണ് കോച്ചിങ് സ്റ്റാഫുകൾ ഇടഞ്ഞു നിൽക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ടാപ്പിയ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോച്ചിങ് സ്റ്റാഫുകൾ ഒരു യോഗം ചേർന്നെങ്കിലും അവരുടെ അവസാന തീരുമാനം എന്താണെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

സ്‌കലോണിയും ടാപ്പിയായും തമ്മിലുള്ള ബന്ധം പൂര്ണമായതും തകർന്നുവെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങൾ തന്നെ തുടർന്നു പോവുകയാണെങ്കിൽ സ്‌കലോണി സ്ഥാനമൊഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അർജന്റീനയെ പടുത്തുയർത്തി എല്ലാ കിരീടങ്ങളും നേടിക്കൊടുത്ത കോച്ചിങ് സ്റ്റാഫുകളാണ് നിലവിലുള്ളവർ. അവർ പുറത്തു പോയാൽ അത് ടീമിനെ പുറകോട്ടു വലിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

You Might Also Like