മെസിക്കും ഡി മരിയക്കും മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂ, തുറന്നടിച്ച് സ്‌കലോണി

തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ടു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് അർജന്റീന. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നു പ്രധാന കിരീടങ്ങൾ നേടിയ അർജന്റീന ടീം ജൂണിൽ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷയിലാണ്. കോപ്പ അമേരിക്കയിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമും അർജന്റീനയാണ്.

ഖത്തർ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഒട്ടുമിക്ക താരങ്ങളും ഇപ്പോഴും അർജന്റീന ടീമിനൊപ്പമുണ്ട്. കോപ്പ അമേരിക്കക്ക് ശേഷം പലരും വിരമിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനൊപ്പം മികച്ച യുവതാരങ്ങൾ ഉയർന്നു വരികയും ചെയ്യുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ടീമിൽ ഇടം പിടിക്കാനുള്ള പോരാട്ടം കടുത്തതാകുമെന്ന സൂചന നൽകിയ സ്‌കലോണി രണ്ടു താരങ്ങൾക്ക് മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“ഇപ്പോൾ ടീമിലുള്ള ഒരാൾക്കും കോപ്പ അമേരിക്ക സ്‌ക്വാഡിൽ സ്ഥാനം ഉറപ്പില്ല. ഉറപ്പുള്ള ഒരേയൊരാൾ നിലവിൽ ടീമിനൊപ്പമില്ല. അതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനു പുറമെ ഏഞ്ചൽ ഡി മരിയക്കും ടീമിൽ സ്ഥാനമുണ്ട്. ബാക്കിയുള്ളവർ കഠിനമായി അധ്വാനിച്ചാൽ മാത്രമേ ടീമിലെത്തൂ.” കോസ്റ്റാറിക്കക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിനു ശേഷം സ്‌കലോണി പറഞ്ഞു.

നിരവധി താരങ്ങളാണ് അർജന്റീന ടീമിലേക്കുള്ള സ്ഥാനത്തിനായി പോരാടുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ അർജന്റീനക്കുണ്ട്. ഈ കോപ്പ അമേരിക്കക്ക് ശേഷം ചില താരങ്ങൾ വിരമിക്കാൻ സാധ്യതയുള്ളതിനാൽ ടൂർണമെന്റിന് ശേഷം അർജന്റീന ടീമിൽ വലിയൊരു അഴിച്ചുപണി പ്രതീക്ഷിക്കാം.

You Might Also Like