മെസിയുമായി സംസാരിച്ചത് തീരുമാനത്തെ സ്വാധീനിച്ചു, അർജന്റീന പരിശീലകസ്ഥാനത്ത് തുടരാൻ തീരുമാനിച്ചതിനെക്കുറിച്ച് സ്‌കലോണി

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയതിനു ശേഷം അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ആരാധകരെ ഒന്ന് ഞെട്ടിച്ചിരുന്നു. അർജന്റീന പരിശീലകസ്ഥാനത്ത് തുടരുന്നതിനെ കുറിച്ച് തനിക്ക് സംശയങ്ങളുണ്ടെന്നും കൂടുതൽ ഊർജ്ജസ്വലനായ ഒരാളാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം ടീമിൽ നിന്നും പടിയിറങ്ങുമെന്ന വ്യക്തമായ സൂചനകളാണ് നൽകിയത്.

സ്‌കലോണിയുടെ വാക്കുകൾ ആരാധകരിൽ വലിയ ആശങ്ക ഉണ്ടാക്കിയെങ്കിലും അദ്ദേഹം പറഞ്ഞത് പോലെയൊന്നും ചെയ്‌തില്ല. അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചകൾ നടത്തിയതിനു ശേഷം ടീമിൽ തന്നെ തുടരാൻ സ്‌കലോണി തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസിയോട് സംസാരിച്ചത് തന്റെ തീരുമാനത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ടീമിന്റെ നായകനെന്ന നിലയിലാണ് ലയണൽ മെസിയുമായി താൻ സംസാരിച്ചതെന്നും അതിനു ശേഷമാണ് ഞാനിപ്പോൾ പോകുന്നില്ലെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു. ലയണൽ മെസിക്ക് പുറമെ ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, ഓട്ടമെൻഡി, ഡി പോൾ തുടങ്ങി തുടക്കം മുതലേ തനിക്കൊപ്പം ഉണ്ടായിരുന്നവരോടും സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അർജന്റീനക്ക് സാധ്യമായ മൂന്നു കിരീടങ്ങളും നൽകിയ പരിശീലകനാണ് സ്‌കലോണി. അതുകൊണ്ടു തന്നെ അദ്ദേഹം പടിയിറങ്ങണമെന്ന് അർജന്റീന ആരാധകരിലാരും ആഗ്രഹിക്കുന്നില്ല. നിലവിൽ കോപ്പ അമേരിക്ക വരെയേ സ്‌കലോണി ടീമിനൊപ്പം ഉണ്ടാകൂവെന്നാണ് റിപ്പോർട്ടുകളെങ്കിലും അടുത്ത ലോകകപ്പ് വരെ അദ്ദേഹം തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

You Might Also Like