ഒളിമ്പിക്‌സ് ടീമിലുൾപ്പെടുത്താൻ ആവശ്യപ്പെട്ടത് ലോകകപ്പ് നേടിയ നിരവധി താരങ്ങൾ, ആരൊക്കെ ടീമിലിടം നേടും

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീന ഈ വർഷം നോട്ടമിടുന്നത് രണ്ടു കിരീടങ്ങൾ കൂടിയാണ്. ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അതിനു പിന്നാലെ നടക്കാനിരിക്കുന്ന ഫ്രാൻസ് ഒളിമ്പിക്‌സ് എന്നിവയിലെ കിരീടമാണ് അർജന്റീന ലക്‌ഷ്യം വെക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങളും അവർ ആരംഭിച്ചിട്ടുണ്ട്.

ഇരുപത്തിമൂന്നു വയസിൽ താഴെ പ്രായമുള്ള താരങ്ങളെയാണ് ഒളിമ്പിക്‌സ് സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയെങ്കിലും അതിനേക്കാൾ കൂടുതൽ പ്രായമുള്ള മൂന്നു താരങ്ങളെക്കൂടി ഉൾപ്പെടുത്താൻ കഴിയും. ഇതിനായി ലയണൽ മെസി, ഏഞ്ചൽ ഡി മരിയ എന്നീ താരങ്ങളെ പരിശീലകനായ മഷെറാനോ ബന്ധപ്പെട്ടിരുന്നു. ഒളിമ്പിക്‌സിന് ഉണ്ടാകില്ലെന്ന് ഏഞ്ചൽ ഡി മരിയ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

അതേസമയം ലോകകപ്പ് നേടിയ നിരവധി താരങ്ങളാണ് അർജന്റീനക്കൊപ്പം ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, കുട്ടി റോമെറോ, റോഡ്രിഗോ ഡി പോൾ, ലൗടാരോ മാർട്ടിനസ്, മാക് അലിസ്റ്റർ എന്നിവർക്ക് പുറമെ ലോകകപ്പിലെ മികച്ച യുവതാരമായ എൻസോ ഫെർണാണ്ടസും ലോകകപ്പിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിൽ എൻസോ ഫെർണാണ്ടസ്, എമിലിയാനോ മാർട്ടിനസ് എന്നിവർ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനായി ക്ലബിന്റെ സമ്മതം വാങ്ങാൻ ശ്രമം നടത്തുന്നുണ്ട്. എൻസോ ഫെർണാണ്ടസിന് 23 വയസായതിനാൽ പ്രായമേറിയ താരങ്ങളുടെ സ്ഥാനം അപഹരിക്കില്ല. പക്ഷെ ഇത്രയും താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ഏതു താരത്തെ ഉൾപ്പെടുത്തുമെന്നത് മഷെറാനോക്ക് തലവേദനയാകും.

You Might Also Like