മെസിക്കൊപ്പം എമിലിയാനോയും, ഒളിമ്പിക്‌സിനുള്ള മൂന്നു താരങ്ങളെ തീരുമാനിച്ച് മഷെറാനോ

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മൂന്നു പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന ഈ വർഷം ലക്ഷ്യമിടുന്നത് രണ്ടു കിരീടങ്ങളാണ്. സീനിയർ ടീമിനൊപ്പം കോപ്പ അമേരിക്കയും അണ്ടർ 23 ടീമിനൊപ്പം ഒളിമ്പിക്‌സ് സ്വർണവും അർജന്റീന നോട്ടമിടുന്നുണ്ട്. ജൂണിൽ കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുമ്പോൾ ജൂലൈയിലാണ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്.

കോപ്പ അമേരിക്ക നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ഒന്നായ അർജന്റീന ഒളിമ്പിക്‌സിനും മികച്ച താരങ്ങളെ അണിനിരത്താനുള്ള പദ്ധതിയിലാണ്. അണ്ടർ 23 താരങ്ങളാണ് ഒളിമ്പിക്‌സിൽ കളിക്കുകയെങ്കിലും അതിനേക്കാൾ പ്രായമുള്ള മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. ഈ സാധ്യത മുതലെടുത്താണ് ലോകകപ്പിൽ കളിച്ച മൂന്നു താരങ്ങളെ പരിശീലകൻ മഷെറാനോ ടീമിലേക്ക് വിളിക്കുന്നത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഒളിമ്പിക്‌സിനുള്ള മൂന്നു കളിക്കാരെ മഷെറാനോ തീരുമാനിച്ചിട്ടുണ്ട്. സീനിയർ ടീമിന്റെ നായകനായ ലയണൽ മെസിക്ക് പുറമെ ലോകകപ്പിൽ ഹീറോയിക് പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, വെറ്ററൻ പ്രതിരോധനിര താരം നിക്കോളാസ് ഓട്ടമെൻഡി എന്നിവരെയാണ് ഹാവിയർ മഷെറാനോ പരിഗണിക്കുന്നത്.

ഇതിൽ എമിലിയാനോ മാർട്ടിനസും നിക്കോളാസ് ഓട്ടമെൻഡിയും ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതേസമയം ലയണൽ മെസി ഒളിമ്പിക്‌സിനുണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഫിഫയുടെ കീഴിലുള്ള ടൂർണമെന്റ് അല്ലാത്തതിനാൽ ക്ലബുകളുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയൂ.

You Might Also Like