അർജന്റീന ടീമിൽ പ്രശ്‌നങ്ങൾ രൂക്ഷം, കാരണമായത് ബ്രസീലിനെതിരായ മത്സരത്തിലെ സംഭവങ്ങൾ

ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം സ്‌കലോണി നടത്തിയ പ്രതികരണം ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും താൻ പടിയിറങ്ങിയേക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. 2018 ലോകകപ്പിന് ശേഷം ടീമിന്റെ സ്ഥാനമേറ്റെടുത്ത് അർജന്റീനക്ക് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി നൽകിയ അദ്ദേഹത്തിന്റെ വാക്കുകൾ അവിശ്വസനീയമായ ഒന്നായിരുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയയുമായുള്ള പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോകകപ്പ് നേടിയതിന്റെ ബോണസ് കോച്ചിങ് സ്റ്റാഫുകൾക്ക് ലഭിച്ചിട്ടില്ലെന്നും അതിന്റെ പ്രതിഷേധമാണെന്നാണ് തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അതിനേക്കാൾ പ്രശ്‌നം സങ്കീർണമാണെന്നും മെസിയും സ്‌കലോണിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദി അത്‌ലറ്റിക് പറയുന്നത് പ്രകാരം ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലുണ്ടായ സംഭവങ്ങളാണ് ഇതിനു കാരണം. മത്സരത്തിന് മുൻപ് ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ ആക്രമിച്ചതിനെ തുടർന്ന് മെസിയും താരങ്ങളും കളിക്കളം വിട്ടു ഡ്രസിങ് റൂമിലേക്ക് പോയിരുന്നു. എന്നാൽ ആ തീരുമാനം താരങ്ങൾ എടുത്തത് സ്‌കലോണിയോട് ചോദിക്കാതെയാണ്. ഇത് കോച്ചിങ് സ്റ്റാഫിൽ വളരെയധികം അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളിൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ സ്‌കലോണി 2026 ലോകകപ്പ് വരെ അർജന്റീന ടീമിനൊപ്പം തുടരാൻ യാതൊരു സാധ്യതയുമില്ല. റിപ്പോർട്ടുകൾ പ്രകാരം കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന പരിശീലകൻ സ്ഥാനമൊഴിഞ്ഞേക്കും. അതിനിടയിൽ സ്‌കലോണിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ സജീവമാണ്.

You Might Also Like