റൂട്ട് ചെയ്ത ‘മണ്ടത്തരങ്ങള്‍’ ഈ മത്സര ഫലത്തില്‍ ആരാണ് വില്ലന്‍?,

തേര്‍ഡ് ഐ

കമാല്‍ വരദൂര്‍

കേവലം 476 പന്തുകളിലാണ് ഇംഗ്ലണ്ട് മൊട്ടേരയില്‍ തകര്‍ന്നത്. അതായത് രണ്ട് ഇന്നിംഗ്സിലുമായി പത്ത് ബാറ്റ്സ്മാന്മാര്‍ നേരിട്ടത് 476 പന്തുകള്‍. 1995 ലെ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ 446 പന്തുകല്‍ മാത്രം നേരിട്ട് തകര്‍ന്ന ദയനീയതയില്‍ നിന്നും ചെറിയ മാറ്റം….

അഞ്ച്് ദിവസത്തെ മല്‍സരം രണ്ട് ദിവസത്തില്‍ ചുരുങ്ങിയതിന് പിറകിലെ വില്ലന്‍ ആരാണ്…? പിച്ചാണെന്ന് എളുപ്പത്തില്‍ മറുപടി നല്‍കാം. അല്ലെങ്കില്‍ പിങ്ക് പന്താണെന്ന് പറയാം. അപ്പോഴും നഷ്ടം ആര്‍ക്കാണ്…? അഞ്ച് ദിവസത്തേക്ക് ടിക്കറ്റ് എടുത്ത കാണികളുണ്ട്, കോടികളുടെ ടെലിവിഷന്‍ സംപ്രേഷണ അവകാശം നേടിയ ചാനലുകളുണ്ട്, സ്റ്റേഡിയം നിറയെ ഹോര്‍ഡിംഗ്സ് നല്‍കിയ കോര്‍പ്പറേറ്റുകളുണ്ട്.

ടെസ്റ്റ് മല്‍സരങ്ങള്‍ വിരസമാണ്, സമയം കൊല്ലിയാണ് എന്നെല്ലാമുള്ള വിമര്‍ശനങ്ങള്‍ക്ക്് നടുവിലും ഇത്ര വേഗതയില്‍ കാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ താരങ്ങള്‍ക്ക്് മാത്രമാണ് ആശ്വാസം. അവര്‍ക്ക്് അല്‍പ്പമധികം ദിവസം വിശ്രമം ലഭിക്കും. ഇംഗ്ലണ്ട് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്ന ഏക മല്‍സരം ഇതായിരുന്നു.

ചെപ്പോക്കിലെ രണ്ട് മല്‍സരങ്ങള്‍ സ്പിന്നര്‍മാര്‍ വാഴുമെന്നാണ് അവര്‍ കണക്ക് കൂട്ടിയത്. മൊട്ടേരയിലെ അവസാന ടെസ്റ്റ് പകല്‍ പോരാട്ടമായതിനാല്‍ അവിടെയും സ്പിന്നര്‍മാര്‍ക്കായിരിക്കും ആധിപത്യമെന്നുമാണ് കരുതപ്പെട്ടത്. പക്ഷേ ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ അവര്‍ക്ക്് അപ്രതീക്ഷിത വിജയം കിട്ടി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവന്നു.

പിങ്ക് പന്ത് സാധാരണ പേസര്‍മാരെ തുണക്കുന്നതിനാല്‍ ജിമ്മി ആന്‍ഡേഴ്സ്ണ്‍, സ്റ്റിയുവര്‍ട്് ബ്രോഡ്, ജോഫ്രെ ആര്‍ച്ചര്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തി മികവ് തെളിയിക്കാം എന്ന് കരുതപ്പെട്ടിടത്താണ് കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞത്. പിച്ചില്‍ പേരിന് പോലും പുല്ലുണ്ടായിരുന്നില്ല. ചെപ്പോക്കിലേത് പോലെ പൊടിയും ഉയര്‍ന്നില്ല. എന്നിട്ടും സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ത്തുവെങ്കില്‍ പിച്ചിനെ വായിക്കുന്നതില്‍ ഇംഗ്ലണ്ടിന് പറ്റിയ പിഴവാണ് വില്ലന്‍.

ജോ റൂട്ട് ഒരു സപെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമാണ് അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ജാക് ലിഷേ ഗംഭീരമായി പന്തെറിഞ്ഞു. പിന്നെയുള്ളത് നാല് സീമര്‍മാരായിരുന്നു-ആന്‍ഡേഴ്സണും ബ്രോഡും ആര്‍ച്ചറും ബെന്‍ സ്റ്റോക്സും. വേഗക്കാര്‍ക്ക് സാധ്യതയില്ലെന്ന് മനസ്സിലാക്കി സാക്ഷാല്‍ റൂട്ട് തന്നെ പന്തെടുത്ത് അഞ്ച് വിക്കറ്റ് നേടിയത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. വലിയ വിലാസമില്ലാത്ത പാര്‍ട്് ടൈമറാണ് ഇംഗ്ലീഷ് നായകന്‍. എന്നിട്ടും അദ്ദേഹം ഇതാദ്യമായി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി.

വിരാത് കോഹ്ലി നേരെ മറിച്ച്് കാര്യങ്ങളെ എളുപ്പത്തില്‍ വായിച്ചു. അദ്ദേഹത്തെ ക്യൂറേറ്റര്‍ സഹായിച്ചിട്ടുമുണ്ടാവാം. മൂന്ന് സ്പിന്നര്‍മാര്‍-അക്സറിനും അശ്വിനും പുറമെ വാഷിംട്ഗണ്‍ സുന്ദര്‍. തമിഴ്നാട്ടുകാരന് പക്ഷേ പന്തെറിയാന്‍ കാര്യമായ അവസരം പോലുമുണ്ടായില്ല. പേസര്‍മാരായ ബുംറക്കും തന്റെ 100-ാമത് ടെസ്റ്റ് കളിക്കുന്ന ഇഷാന്തിനും നല്ല വിശ്രമമായിരുന്നു. ഇങ്ങനെ ഒരു ടെസ്റ്റില്‍ ഇത്ര വിശ്രമം കിട്ടിയ പേസ് ബൗളര്‍മാരുണ്ടാവില്ല.

രണ്ടാം ഇന്നിംഗ്സില്‍ രണ്ട് പേരും ഒരു പന്ത് പോലുമെറിഞ്ഞില്ല. ആദ്യ ഇന്നിംഗ്സില്‍ ഭുംറ ആറ് ഓവര്‍ എറിഞ്ഞപ്പോള്‍ നൂറാമനായ ഇഷാന്ത് ആകെ എറിഞ്ഞത് അഞ്ച് ഓവറുകള്‍. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ സമീപനവും വില്ലനായി. എല്ലാവരും പന്തിനെ പേടിച്ചു-ജോ റൂട്ട് പോലും. സാധാരണ ഗതിയില്‍ പന്തിനെ പേടിക്കാത്ത സ്റ്റോക്സ് പോലും അമിത ജാഗ്രത പാലിച്ചു. ഇന്ത്യയും കുഴിച്ച കുഴിയില്‍ വീഴുമായിരുന്നു-പക്ഷേ ഇംഗ്ലണ്ട് നല്‍കിയ വിജയ ലക്ഷ്യം നന്നേ ചെറുതായിപ്പോയി.

കടപ്പാട്: ചന്ദിക ദിനപത്രം

 

You Might Also Like