വീരോചിത സ്വീകരണത്തിനിടെ ഓസീസിനെ അപമാനിക്കാന്‍ ശ്രമം, പിന്മാറി രഹാന, കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ നായകന്‍ അജിന്‍ക്യ രഹാനയ്ക്ക് വന്‍ സ്വീകരണം. കഴിഞ്ഞ ദിവസമാണ് പരമ്പര സ്വന്തമാക്കിയതിന് ശേഷം രഹാനയും കൂട്ടുകാരും നാട്ടിലേക്കു മടങ്ങിയെത്തിയത്.

രഹാനെയുടെ മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും ഗംഭീര സ്വീകരണമാണ് അയല്‍ക്കാര്‍ ഒരുക്കിയിരുന്നത്. എന്നാല്‍ അയല്‍ക്കാര്‍ കൊണ്ടുവന്ന കേക്ക് കട്ട് ചെയ്യാന്‍ താരം തയാറായില്ല. കേക്കിന് മുകളില്‍ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണ് രഹാനെ കേക്ക് കട്ട് ചെയ്യാന്‍ വിസമ്മതിച്ചത്.

കത്തിയെടുത്ത് കേക്കിന്റെ മുകളില്‍വച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ താരം പിന്‍വാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ഓസീസ് ക്രിക്കറ്റ് ടീമിനെ കംഗാരുക്കള്‍ എന്നു വിളിക്കാറുണ്ട്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണംകൊണ്ടാണ് കേക്ക് കട്ട് ചെയ്യാന്‍ രഹാനെ വിസമ്മതിച്ചത്. എന്തായാലും ഓസ്‌ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു മുന്നില്‍നിന്നു നയിച്ചത്. പരമ്പര പിടിച്ചെടുത്ത് അജിന്‍ക്യ രഹാനെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളില്‍ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടി.

നൂറാം മത്സരം കളിച്ച ഓസീസ് താരം നഥാന്‍ ലയണ് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയ വിട്ടത്. ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പൂച്ചെണ്ടുകള്‍ നല്‍കി ആരാധകരും അയല്‍ക്കാരും ക്യാപ്റ്റന്‍ രഹാനെയെ വരവേറ്റു.

 

You Might Also Like