Tag Archive: Serie A

 1. ഫ്രീകിക്ക് മതിലിൽ പ്രതിരോധം മറന്നു ക്രിസ്ത്യാനോ, പാർമക്കെതിരായ വിജയത്തിലും വൻ വിമർശനം

  Leave a Comment

  പാർമക്കെതിരായി നടന്ന സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിൻ്റെ മികച്ച വിജയം നേടാൻ യുവൻറസിനു സാധിച്ചിരുന്നു. മത്സരത്തിൽ നടന്ന മറ്റൊരു സംഭവമാണ് നിലവിൽ സമൂഹ മാധ്യമങ്ങൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. മത്സരത്തിൽ പാർമക്ക് കിട്ടിയ ഫ്രീ കിക്കാണ് സംഭവത്തിനാധാരം.

  25-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് യുവന്റസ് കീപ്പരായ ബുഫണെ നിഷ്പ്രഭമാക്കി പാർമ താരം ഗാസ്റ്റൺ ബ്രഗ്മാൻ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗോൾവലക്കു മുന്നിൽ യുവന്റസ് തീർത്ത മതിലിൽ ക്രിസ്ത്യാനോ റൊണാൾഡോ മറ്റുള്ളവർക്കൊപ്പം ഉയർന്നു ചാടാതിരുന്നതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. ക്രിസ്ത്യാനോ ചാടാതിരുന്നതു കൊണ്ട് മതിലിന്റെ ആ ഭാഗത്തു കൂടെ തന്നെ കൃത്യമായി ബ്രഗ്മാന്റെ ഷോട്ട് വലയിലേക്ക് പോവുകയായിരുന്നു.

  ചാമ്പ്യൻസ്‌ലീഗിൽ പോർട്ടോക്കെതിരെയും ഇത്തരത്തിൽ ഫ്രീകിക്ക് ഗോൾ വഴങ്ങിയതിനു ക്രിസ്ത്യാനോ വലിയ വിമർശനങ്ങൾക്ക് ഇരയായിരുന്നു. മത്സരത്തിൽ യുവന്റസിനു അധികാരികവിജയം നേടിയെങ്കിലും മതിലിൽ ഫ്രീകിക്ക് ഷോട്ട് പേടിച്ചു മുഖം താഴ്ത്തിയ ക്രിസ്ത്യനോക്കെതിരെയാണ് ചോദ്യ ചിഹ്നമുയിരുന്നത്.

  മത്സരത്തിൽ ഗോൾ നേടാനാവാത്ത നിരാശയും ക്രിസ്ത്യാനോ കളിക്കളത്തിൽ കാണിക്കുകയുണ്ടായി. മത്സരാവസാനം റഫറി വിസിൽ മുഴക്കിയപ്പോൾ നിരാശയടക്കാനാവാതെ ക്രിസ്ത്യാനോ പന്ത് ഉയർത്തിയടിക്കുകയുണ്ടായി. അതിന് മഞ്ഞക്കാർഡും കണ്ടാണ് ക്രിസ്ത്യാനോ കളം വിട്ടത്.

 2. ജെനോവക്കെതിരെ ഗോൾ നേടാനായില്ല, നിരാശയിൽ ജേഴ്‌സി വലിച്ചെറിഞ്ഞു ക്രിസ്ത്യാനോ

  Leave a Comment

  ജെനോവക്കെതിരായ സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ മികച്ച വിജയം നേടാൻ യുവന്റസിനു സാധിച്ചിരുന്നു. ഇതോടെ 63 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് യുവന്റസ്. യുവന്റസിനായി ഡേജൻ കുലുസേവ്സ്കി, അൽവാരോ മൊറാട്ട, വെസ്റ്റൺ മക്കെന്നി എന്നിവരാണ് ജെനോവയുടെ ഗോൾവല കുലുക്കിയത്.

  എന്നാൽ നിരാശജനകമായ പ്രകടനമായിരുന്നു സൂപ്പർതാരം ക്രിസ്ത്യനോയെ സംബന്ധിച്ചു ഈ മത്സരം. കിട്ടിയ അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതിരുന്നതും കൂടുതൽ പിന്തുണ സഹതാരങ്ങളിൽ നിന്നും ലഭിക്കാഞ്ഞതും താരത്തെ വലിയ രീതിയിൽ നിരാശനാക്കി എന്നാണ് റിപ്പോർട്ടുകൾ. ഗോൾ അടിക്കാനാവാത്ത നിരാശയും ദേഷ്യവും അടക്കാനാവാതെ മത്സരത്തിന്റെ അവസാനത്തിൽ തന്റെ ജേഴ്സി ഊരി ക്രിസ്ത്യാനോ നിലത്തേക്ക് വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  പോർച്ചുഗലിനൊപ്പവും ഗോൾ നേടാനാവാത്തതിന്റെ നിരാശ ക്രിസ്ത്യാനോ ഇത്തരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞു തീർത്തിരുന്നു. ഇത്തവണ അത് ജനോവക്കെതിരെ ജേഴ്സി ആയെന്നു മാത്രം. ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്നായി 25 ഗോളുകൾ നേടാൻ ക്രിസ്ത്യാനോക്കു സാധിച്ചിട്ടുണ്ട്. ഇത്തവണ ജെനോവക്കെതിരെ നേടാനായില്ലെന്നു മാത്രം.

  വിവാദമായ ഈ ജേഴ്സി വലിച്ചെറിഞ്ഞ സംഭവത്തിൽ പിർലോക്ക് പറയാനുള്ളത് മറ്റൊന്നാണ്.
  “അവനു ഗോൾ നേടാൻ ആഗ്രഹമുണ്ടായിരുന്നെന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചും മത്സരം ഒരു സങ്കീർണമായ ദിശയിലേക്ക് മാറിയതുകൊണ്ട് തന്നെ. ഇത് ഒരു ജേതാവ് എപ്പോഴും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയേ തോന്നിയിട്ടുള്ളു.” പിർലോ പറഞ്ഞു.

 3. റോമയുടെ പരിശീലനഗ്രൗണ്ട് നന്നാക്കുന്നതിനായി കുഴിച്ചു, കണ്ടെത്തിയത് രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബുകൾ

  Leave a Comment

  താരങ്ങൾക്കായുള്ള പരിശീലന ഗ്രൗണ്ട് നന്നാക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഇറ്റാലിയൻ വമ്പന്മാരായ എഎസ് റോമ. നന്നാക്കാനായി ground കുഴിച്ചപ്പോൾ കണ്ടത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറ്റലി ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന ബോംബുകളാണ് ഗ്രൗണ്ട് ടെക്‌നിഷ്യൻമാർ കണ്ടെത്തിയത്.

  ഗ്രൗണ്ടിൽ നിന്നും ബോംബുകൾ നീക്കം ചെയ്യുന്നതിനായി റോമ ഇറ്റാലിയൻ കരസേനയുടെ സഹായം തേടുകയും ചെയ്തു. ഫയർ ബ്രിഗേഡ് വിദഗ്ദരുടെ സഹായത്തോടെ ഇരുപതോളം ബോംബുകളാണ് പരിശീലനം ഗ്രൗണ്ടിൽ നിന്നും പുറത്തെടുത്തത്. പുതിയ ഗ്രൗണ്ട് തയ്യാറാക്കാനായി കുഴിച്ച ഗ്രൗണ്ട് ടെക്‌നിഷ്യൻ ഈ സംഭവത്തേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

  “ഞാനവിടെ പോയത് ഒരു പുതിയ ഗ്രൗണ്ട് നിർമ്മിക്കാനായിരുന്നു. ബോംബിന്റെ അടുത്തുവരെ കുഴിച്ചെത്തുമെന്നു ഞാനൊരിക്കലും വിചാരിച്ചില്ലായിരുന്നു. പെട്ടെന്നാണ് ഇരുമ്പിന്റെ ചില ഭാഗങ്ങൾ പൊന്തി നില്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടത്. യുദ്ധകാര്യങ്ങളിൽ ഞാൻ വിദഗ്ധനല്ലെങ്കിലും അതു ബോംബെയിരിക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടു തന്നെ ഞാൻ സഹായത്തിനഭ്യർത്ഥിച്ചു. കാരണം ഞാൻ ഒരുപാട് ഭയപ്പെട്ടിരുന്നു.” ടെക്‌നിഷ്യൻ പറഞ്ഞു.

  ബോംബുകൾ നീക്കം ചെയ്ത ആർമിക്ക് റോമ ട്വിറ്ററിൽ നന്ദി അറിയിക്കുകയും ചെയ്തു. ” ട്രിഗോറിയയിലെ ട്രെയിനിങ് സെന്ററിൽ നിന്നും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തുള്ള ബോംബുകൾ നീക്കം ചെയ്തതിനു ഞങ്ങളുടെ ഭാഗത്തു നിന്നും ഇറ്റാലിയൻ ആർമിക്കും അവരുടെ ബോംബ് സ്‌ക്വാഡിനും വലിയ നന്ദി അറിയിക്കുകയാണ്.” റോമ ട്വിറ്ററിൽ കുറിച്ചു.

 4. റോണോയെ പിന്തള്ളി ഡിബാല സീരി എയിലെ മികച്ച താരം, മറ്റു അവാർഡുകൾ ഇങ്ങനെ

  Leave a Comment

  2019/20 സീസണ്‍ ഇറ്റാലിയന്‍ സീരി എയിലെ മികച്ച താരമായി യുവന്റസിന്റെ അര്‍ജന്റീനന്‍ യുവതാരം പൗളോ ഡിബാല തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണില്‍ യുവന്റസിനെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡിബാല 33 ലീഗ് മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

  31 ഗോളുമായി മികച്ച പ്രകടനം കാഴ്ച വെച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഡിബാല ഈ അവാര്‍ഡിനര്‍ഹനായതെന്നത് ഏറെ ശ്രദ്ധേയമാണ്.

  കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മൂല്യമേറിയ താരമായത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയായിരുന്നു. ഡിബാലയെ കൂടാതെ സീസണിലെ മികച്ച സ്ട്രൈക്കര്‍, മികച്ച പ്രതിരോധതാരം, മികച്ച ഗോള്‍കീപ്പര്‍, മികച്ച മിഡ്ഫീല്‍ഡര്‍, മികച്ച യുവതാരം എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

  മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുത്തത് 36 ഗോളുകളും 5 അസിസ്റ്റുമായി ലാസിയോയുടെ ഗോളടിയന്ത്രം സിറോ ഇമ്മൊബിലെയാണ്. നിലവിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ് ഈ മുപ്പതുകാരന്‍.

  മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുത്തത് ലീഗ് ചാമ്പ്യന്മാരായ യുവന്റസിന്റെ ഗോൾകീപ്പർ വോയിചെക് ഷെസ്നിയെയാണ്. മികച്ച പ്രതിരോധതാരമായത് ഇന്റർ മിലാന്റെ സ്റ്റെഫാൻ ഡി വ്രിജാണ്. അറ്റലാന്റയുടെ അര്ജന്റീനിയൻ താരം അലജാൻഡ്രോ ഗോമസ് മികച്ച മധ്യനിരതാരത്തിനുള്ള അവാർഡിനർഹനായി. യുവന്റസിലേക്ക് ചേക്കേറിയ പാർമയുടെ ഡേജൻ കുലുസേവ്സ്കിയാണ് മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയത്.

  വിജയികൾക്കെല്ലാം അടുത്ത സീസണിൽ ജേഴ്സിക്കൊപ്പം ധരിക്കാൻ പ്രത്യേക ബാഡ്‌ജും ലഭിക്കും. കഴിഞ്ഞ സീസണിൽ റൊണാൾഡോ ഇത് ധരിക്കാൻ വിസമ്മതിച്ചിരുന്നു. സ്വന്തം ടീമിലെ സഹതാരങ്ങളിൽ നിന്നും മുന്നിട്ടു നിൽക്കുന്നവനാണെന്നു കാണിക്കാൻ റൊണാൾഡോക്ക് താത്പര്യമില്ലായിരുന്നു. റൊണാൾഡോയൊഴികെ ബാക്കിയെല്ലാവരും ഈ സീസണിൽ ഈ ബാഡ്ജ് ധരിച്ചുകൊണ്ടാണ് കളിക്കാനിറങ്ങിയത്.

 5. യൂറോപ്യൻ ഗോൾഡൻ ബൂട്ട് കയ്യെത്തും ദൂരെ! ഇമ്മൊബിലെ അവിശ്വസനീയ നേട്ടത്തിനരികെ!

  Leave a Comment

  വെറോണയുമായി നടന്ന മത്സരത്തിൽ തകർപ്പൻ ഹാട്രിക്കോടു കൂടി 34 ഗോളുമായി സീരീ എ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ലാസിയോയുടെ ഗോളടിയന്ത്രമായ സിറോ ഇമ്മൊബിലെ. ഇതോടെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവൻഡോവ്സ്‌കിക്കൊപ്പമെത്തിയിരിക്കുകയാണ് ഈ ഇറ്റാലിയൻ സ്‌ട്രൈക്കർ.

  ലാസിയോക്ക് ഇനിയും രണ്ടു മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ ബുണ്ടസ്‌ലിഗ കിരീടം നേടിയ ലെവൻഡോവ്‌സ്‌കിയെ മറികടന്നു യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടാനുള്ള മുൻ‌തൂക്കം സിറോ ഇമ്മൊബിലേക്ക് കൈവന്നിരിക്കുകയാണ്. എന്നാൽ താരത്തിനു ഭീഷണിയാണ് 31 ഗോളുകളുമായി സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയും തൊട്ടു പിറകെയുണ്ട്.

  സംപഡോറിയയുമായി നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ജയിച്ച് യുവന്റസ് മുപ്പത്തിയഞ്ചാമത് സീരീ എ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യഗോൾ നേടി ക്രിസ്ത്യാനോ റൊണാൾഡോ ഗോൾനേട്ടം 31ലെത്തിച്ചിരുന്നു. എന്നാൽ പിന്നീട് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞത് താരത്തിനു തിരിച്ചടിയായിരിക്കുകയാണ്. റൊണാൾഡോ നേടിയ പന്ത്രണ്ട് ഗോളുകൾ പെനാൽറ്റിയിൽ നിന്നായിരുന്നു.

  അതേ സമയം ഇമ്മൊബിലെക്ക് മറ്റൊരു നേട്ടംകൂടി കയ്യെത്തും ദൂരത്താണ്. സിരീ എയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ് ഗോൺസാലോ ഹിഗ്വയ്ന്റെ പേരിലാണ്. 36 ഗോളുകൾ ആണ് ഹിഗ്വയ്ൻ അന്ന് നാപോളിക്ക് വേണ്ടി അടിച്ചു കൂട്ടിയത്. 2015/16 സീസണിൽ ആയിരുന്നു ഇത്. രണ്ട് ഗോളുകൾ കൂടി നേടിയാൽ ഇമ്മൊബിലേക്ക് ഈ റെക്കോർഡിനൊപ്പം എത്താം.

   

 6. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, യുവന്റസിന്റേത് തുടര്‍ച്ചയായ 9ാം കിരീടം

  Leave a Comment

  സാംപഡോറിയയുമായി നടന്ന സീരീ എ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് വിജയിച്ചതോടെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് തങ്ങളുടെ മുപ്പത്തിയഞ്ചാം കിരീടം നേടിയിരിക്കുകയാണ്. തുടർച്ചയായി ഒമ്പതാം തവണയാണ് യുവന്റസ് സീരി എ കിരീടം നേടുന്നത്. 2011-12ൽ അന്റോണിയോ കോണ്ടെ തുടങ്ങി വെച്ച വിജയത്തുടർച്ച അല്ലെഗ്രിക്കുശേഷം മൗറിസിയോ സാരിയും പിന്തുടരുകയാണ്.

  ക്രിസ്റ്റ്യാനോ റൊണാൾഡോ ഫെഡറികോ ബെർണാഡ്ഷി എന്നിവരാണ് യുവന്റസിന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ 36 മത്സരങ്ങളിൽ 26 ജയത്തോടെ 83 പോയിന്റാണ് യുവന്റസ് കരസ്ഥമാക്കിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 76 പോയിന്റുള്ള ഇന്റർ മിലാനാണ് രണ്ടാമതുള്ളത്. ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ യുവന്റസ് കിരീടമുറപ്പിക്കുകയായിരുന്നു.

  മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാനനിമിഷത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ പിറന്നത്. യുവന്റസിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പ്യാനിക്ക് ക്രിസ്റ്റ്യാനോക്ക് വെച്ചു നീട്ടുകയായിരുന്നു. തകർപ്പൻ ഷോട്ടിലൂടെ താരം അത് വലയിലെത്തിക്കുകയായിരുന്നു.

  67-ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടപെടലിലൂടെ യുവന്റസിന് മറ്റൊരു ഗോൾ ലഭിച്ചു. താരത്തിന്റെ ഷോട്ട് സാംപടോറിയ കീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ബോൾ ബെർണാഡ്ഷി ഗോൾ ആക്കി മാറ്റുകയായിരുന്നു. 89-ആം മിനിറ്റിൽ സാൻഡ്രോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കിയത് ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള സിറോ ഇമ്മൊബിലുമായുള്ള പോരാട്ടത്തിനു തിരിച്ചടിയാവുകയായിരുന്നു. ഹാട്രിക്കോടെ 35 ഗോളുമായി ഇമ്മൊബിൽ റോബർട്ടോ ലെവൻഡോസ്‌കിക്കൊപ്പമെത്തിയിരിക്കുകയാണ്.

 7. യുവന്റസിനെ ഞെട്ടിച്ചു ഉഡിനീസെ! കിരീടമോഹങ്ങൾക്ക് വൻ തിരിച്ചടി

  Leave a Comment

  കിരീടം ഉറപ്പിച്ചിറങ്ങിയ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് അട്ടിമറി തോൽവി. തരംതാഴ്ത്തലിന്റെ വക്കത്തുണ്ടായിരുന്ന ഉഡിനീസേയോടാണ് ക്രിസ്റ്റിയാനോയും
  കൂട്ടരും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. ഉഡിനീസേയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ്  യുവന്റസ് പരാജയമേറ്റുവാങ്ങിയത്.

  ആദ്യപകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ യുവന്റസിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ അടിച്ചു കൂട്ടി ഉഡിനീസെ ഞെട്ടിക്കുകയായിരുന്നു. ഇതോടെ രണ്ടാം സ്ഥാനക്കാരുമായുള്ള യുവന്റസിനുള്ള അകലം ആറായി കുറഞ്ഞു. 35 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവന്റസിന് 80പോയിന്റും അറ്റലാന്റക്ക് 74 പോയിന്റുമാണ്.

  ക്രിസ്ത്യാനോ റൊണാൾഡോ, പൌലോ ഡിബാല എന്നീ സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് മൗറിസിയോ സാരി ഉഡിനീസേക്കെതിരെയുള്ള ആദ്യഇലവൻ പ്രഖ്യാപിച്ചത്. എന്നാൽ യുവന്റസിന് ഗോൾ നേടാൻ മത്സരത്തിന്റെ 42-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. പതിവുതെറ്റിച്ച് പ്രതിരോധനിര താരം ഡിലൈറ്റ് ആണ് ഒരു തകർപ്പൻ നെടുനീളൻ ഷോട്ടിലൂടെ വലകുലുക്കി യുവന്റസിനെ മുന്നിലെത്തിച്ചത്.

  എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.  കെൻ സെമയുടെ ക്രോസിൽ നിന്ന് ഒരു പറക്കും ഹെഡറിലൂടെ നെസ്റ്റോറൊവ്സ്കി ഉഡിനീസെക്ക്  സമനില നേടിക്കൊടുത്തു. എന്നാൽ രണ്ടാം പകുതിയുടെ  അധികസമയത്താണ് യുവന്റസിന്റെ ഞെട്ടിച്ചു കൊണ്ട് ആ ഗോൾ പിറന്നത്.

  സെക്കോ ഫൊഫാന പന്തുമായി  ഒറ്റക്ക് മുന്നേറി യുവന്റസ് പ്രതിരോധനിരയെയും ഗോൾകീപ്പറെയും കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. ഇതോടെ ഈ മത്സരം വിജയിച്ചു കിരീടം ഉറപ്പിക്കാനുള്ള യുവന്റസിന്റെ ശ്രമം വിഫലമാവുകയായിരുന്നു.

 8. 10 പേരുമായി അത്ഭുത വിജയം, യുവന്റസിന് ഭീഷണിയായി അറ്റ്‌ലാന്റ വീണ്ടും

  Leave a Comment

  ഇറ്റാലിയൻ ലീഗ് അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കെ യുവന്റസിനോട്‌ ഒരു പടി കൂടി അടുത്തെത്തിയിരിക്കുകയാണ് അറ്റലാന്റ.  ബൊളോഗ്‌നയോട് ഒരു ഗോളിനു വിജയിച്ചതോടെ ഒന്നാമത് നിൽക്കുന്ന യുവന്റസുമായുള്ള വ്യത്യാസം 6 പോയിന്റാക്കി കുറക്കാൻ ജിയാൻ പിയെറോ ഗാസ്പെറീനിയുടെ കീഴിലുള്ള അറ്റലാന്റക്ക് കഴിഞ്ഞിരിക്കുകയാണ്.

  മത്സരത്തിലെ ഭൂരിഭാഗം സമയവും 10 പേരായിട്ടാണ് അറ്റ്‌ലാന്റ കളിച്ചത്. മത്സരത്തിന്റെ 36ാം മനുട്ടില്‍ അറ്റ്‌ലാന്റ താരം ഗസ്‌പെരിനി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയിരുന്നു. എന്നാല്‍ അതൊന്നും ടീമിന്റെ വിജയത്തെ ബാധിച്ചില്ല.

  62-ാം മിനുട്ടിലെ ലൂയിസ് മുറിയലിൻ്റെ ഗോളോടെ ഈ സീസണിൽ 95-ാമത്തെ ഗോളിലെത്തി നിൽക്കുകയാണ് അറ്റലാന്റ. ലീഗിൽ അവസാനമായി ഇത്രയും ഗോളുകൾ നേടുന്ന ക്ലബ്‌ ഫിയോറെന്റീനയാണ്.

  60 വർഷം മുമ്പ്‌ 1958-59 സീസണിലാണ് ഫിയോറെന്റീന ഈ നേട്ടം കൈവരിക്കുന്നത്. അതിനു ശേഷം ഇത്രയും ഗോളുകൾ നേടുന്ന ആദ്യ ക്ലബ്ബാണ് അറ്റലാന്റ. ഗാസ്പെറീനിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അറ്റലാന്റ യുവന്റസിന്റെ കിരീടമോഹത്തിന് വിലങ്ങുതടിയായി തുടരുകയാണ്.

  ബൊളോഗ്‌നയുമായി വിജയം നേടിയതോടെ  74 പോയിന്റുമായി രണ്ടാം  സ്ഥാനത്താണ്  അറ്റലാന്റ. ക്ലബ്‌  ആദ്യമായാണ്  ഇത്രയും പോയിന്റ് ഒരു സീസണിൽ നേടുന്നത്. ഇത് ക്ലബ്ബിന്റെ തന്നെ  പഴയ റെക്കോർഡായ 2016-17 സീസണിലെ 72 പോയിന്റിനെയാണ്  ഗാസ്പെറീനിയും സംഘവും മറികടന്നത്.

  72 പോയിന്റുമായി തൊട്ടു പിറകിലായി ഇന്റർ മിലാൻ മൂന്നാം സ്ഥാനത്താണ്. ഫിയോറെന്റീനയുമായി ഇന്ററിനു ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. അതിൽ വിജയം കണ്ടെത്താനായാൽ അറ്റലാന്റാക്കൊപ്പം യുവന്റസിന് ഭീഷണിയാവാൻ ഇന്ററിനു കഴിഞ്ഞേക്കും. ഇതോടെ ഉഡിനീസെയുമായുള്ള യുവന്റസിന്റെ മത്സരം നിർണായകമായിരിക്കുകയാണ്.