ലോകകപ്പിൽ അവസരം കുറഞ്ഞ ഡിബാല റോമയിൽ നിറഞ്ഞാടുന്നു, വീണ്ടും മിന്നും പ്രകടനം

ഖത്തർ ലോകകപ്പിന് മുൻപ് പരിക്കേറ്റ ഡിബാല ലോകകപ്പ് ടീമിൽ ഇടം നേടുന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷത്തിൽ ടീമിന്റെ ഭാഗമായി. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ കഴിയാതിരുന്ന താരം ക്രൊയേഷ്യക്കും ഫ്രാൻസിനുമെതിരെ നടന്ന രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. ഫ്രാൻസിനെതിരെ ഷൂട്ടൗട്ടിൽ നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ താരത്തിന് കഴിയുകയും ചെയ്‌തു.

ലോകകപ്പ് ടീമിനൊപ്പം അവസരങ്ങൾ കുറവ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ലോകകപ്പിന് ശേഷം തകർപ്പൻ പ്രകടനമാണ് ഡിബാല നടത്തുന്നത്. ലോകകപ്പ് കിരീടജേതാവായി ഇറ്റലിയിലേക്ക് തിരിച്ചെത്തിയ താരം അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങി മൂന്നു ഗോളും രണ്ട് അസിസ്റ്റും ടീമിനായി നേടിക്കഴിഞ്ഞു. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇല്ലാതിരുന്ന താരം അതിനു ശേഷമുള്ള മത്സരങ്ങളിലാണ് മൂന്നു ഗോളും രണ്ട് അസിസ്റ്റും നേടിയത്.

സ്പെഷ്യക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റ് സ്വന്തമാക്കിയതോടെ ഒരു റെക്കോർഡും ഡിബാല സ്വന്തം പേരിലാക്കി. റോമക്ക് വേണ്ടി അരങ്ങേറ്റ സീസണിൽ ഏറ്റവും വേഗത്തിൽ പത്ത് ഗോളുകളിൽ പങ്കാളിയായ താരമെന്ന നേട്ടമാണ് ഡിബാല സ്വന്തമാക്കിയത്. ഈ സീസണിൽ പതിമൂന്നു മത്സരങ്ങൾ കളിച്ച താരം ഇതുവരെ ഏഴു ഗോളുകളും നാല് അസിസ്റ്റുമാണ് റോമക്കായി സ്വന്തമാക്കിയിരിക്കുന്നത്. റോമ ആരാധകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് കഴിഞ്ഞു.

യുവന്റസിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിലാണ് ഡിബാലയെ റോമ സ്വന്തമാക്കിയത്. മൗറീന്യോ അതിനു വേണ്ടി നടത്തിയ നീക്കങ്ങൾ ഗുണം ചെയ്‌തുവെന്ന് താരത്തിന്റെ മികച്ച ഫോം തെളിയിക്കുന്നു. ലോകകപ്പ് നേടിയതിനു ശേഷം താരത്തിന് കൂടുതൽ ആത്മവിശ്വാസം വരികയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലാത്ത റോമക്ക് അത് നേടിക്കൊടുക്കാനും താരത്തിന് കഴിയും. നിലവിൽ റോമ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

You Might Also Like