ലൗടാരോ വീണ്ടും താരമായി, കോപ്പ ഇറ്റാലിയ കിരീടവും ഇന്റർ മിലാൻ സ്വന്തമാക്കി

ലൗടാരോ മാർട്ടിനസ് ഒരിക്കൽക്കൂടി മിന്നുന്ന പ്രകടനം നടത്തിയപ്പോൾ കോപ്പ ഇറ്റാലിയ കിരീടവും ഇന്റർ മിലാൻ സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഫിയോറെന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഈ സീസണിലെ രണ്ടാമത്തെ കിരീടം ഇന്റർ മിലാൻ നേടിയത്. മത്സരത്തിൽ ഇന്റർ മിലാന്റെ രണ്ടു ഗോളുകളും നേടിയത് ലൗടാരോ മാർട്ടിനസ് ആയിരുന്നു.

രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്റർ മിലാൻ ഞെട്ടിച്ച് മൂന്നാം മിനുട്ടിൽ ഫിയോറെന്റീനയാണ് മത്സരത്തിൽ മുന്നിലെത്തുക. അർജന്റീനയുടെ തന്നെ താരമായ നിക്കോളാസ് ഗോൺസാലസാണ് ഫിയോറെന്റീനക്കായി ഗോൾ കണ്ടെത്തിയത്. എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. എട്ടു മിനുറ്റിനിടെ മൂന്ന് ഗോളുകൾ നേടി ഇന്റർ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇരുപത്തിയൊമ്പതാം മിനുട്ടിലാണ് ഇന്റർ മിലൻറെ ആദ്യത്തെ ഗോൾ പിറന്നത്. ഫിയോറെന്റീനയുടെ ഓഫ്‌സൈഡ് ട്രാപ്പ് പൊട്ടിച്ച ലൗടാരോ മനോഹരമായൊരു ഫിനിഷിംഗിലൂടെ സമനില ഗോൾ നേടി. അതിനു ശേഷം നിക്കോളോ ബാരല്ലയുടെ ക്രോസ് ഒരു തകർപ്പൻ അക്രോബാറ്റിക് ഫിനിഷിലൂടെ വലയിലെത്തിച്ച് ടീമിന്റെ വിജയഗോളും അർജന്റീന താരം കുറിച്ചു.

ഈ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നതെങ്കിലും രണ്ടു കിരീടങ്ങൾ നേടാൻ ഇതോടെ ഇന്റർ മിലാനായി. ഇറ്റാലിയൻ സൂപ്പർകപ്പ് നേടിയതിനു പുറമെയാണ് ഇന്റർ മിലാൻ കോപ്പ ഇറ്റാലിയ കിരീടവും സ്വന്തമാക്കിയത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും ടീം കളിക്കുന്നുണ്ട്. അതേസമയം ഫിയോറെന്റീന കോൺഫറൻസ് ലീഗ് ഫൈനലിൽ പോരാടും.

You Might Also Like