കോപ്പ അമേരിക്ക കളിക്കാൻ ഏഞ്ചൽ ഡി മരിയയുണ്ടാകും, യുവന്റസ് കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവയിലെ കലാശപ്പോരാട്ടങ്ങളിലെല്ലാം ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ താരം നടത്തിയ പ്രകടനം ആ മത്സരം കണ്ട അർജന്റീന ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ല.

ഖത്തർ ലോകകപ്പിന് ശേഷം ഏഞ്ചൽ ഡി മരിയ വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ച കാര്യമെങ്കിലും കിരീടം നേടിയതോടെ ആ തീരുമാനം താരം വേണ്ടെന്നു വെച്ചു. 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീന ടീമിനൊപ്പം തുടരുകയാണ് ഡി മരിയയുടെ ലക്‌ഷ്യം. എന്നാൽ അതിനായി യൂറോപ്പിലെ ഏതെങ്കിലും ക്ലബിൽ കളിച്ച് മികച്ച പ്രകടനം നടത്തണമെന്നും അല്ലെങ്കിൽ സ്‌കലോണി പരിഗണിക്കില്ലെന്നും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെ താരമായ ഡി മരിയയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. കരാർ അവസാനിച്ചാൽ താരം യൂറോപ്പ് വിടാനും അതിനൊപ്പം തന്നെ അർജന്റീനക്കായി ഇനി കളിക്കാനുമുള്ള സാധ്യതകളും ഇല്ലാതാകും. എന്നാൽ ഡി മരിയയുടെ കരാർ ഒരു വർഷത്തേക്ക് കൂടി യുവന്റസ് പുതുക്കാൻ ഒരുങ്ങുകയാണെന്നും അതിനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചുവെന്നുമാണ് ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അർജന്റീനയെ സംബന്ധിച്ച് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന കാര്യമാണ് ഏഞ്ചൽ ഡി മരിയ യുവന്റസിൽ തന്നെ തുടരുന്നത്. ഇതോടെ അടുത്ത കോപ്പ അമേരിക്കയിൽ താരം കളിക്കാനുള്ള സാധ്യത വർധിക്കും. ഈ സീസണിൽ എട്ടു ഗോളുകളും ഏഴ് അസിസ്റ്റുമായി മികച്ച പ്രകടനം നടത്തുന്ന താരം അടുത്ത സീസണിലും മികച്ച പ്രകടനം യൂറോപ്പിൽ തുടർന്നാൽ ഇനിയൊരു കിരീടം കൂടി അർജന്റീനക്ക് നേടിക്കൊടുക്കാൻ താരമുണ്ടാകും.

You Might Also Like