പ്രായമേറുന്തോറും കരുത്തേറുന്നു, ഇറ്റാലിയൻ ലീഗിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമായി ഇബ്രാഹിമോവിച്ച്

ഫുട്ബോൾ ആരാധകർക്ക് എന്നും അത്ഭുതമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. യൂറോപ്പിലെ ഒട്ടുമിക്ക ലീഗുകളിലും അമേരിക്കയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഇബ്രാഹിമോവിച്ച് നാൽപത്തിയൊന്നാം വയസിലും മികച്ച പ്രകടനം തുടരുകയാണ്. ഇതുവരെയും കളിക്കളത്തിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് താരം ചിന്തിച്ചിട്ട് പോലുമില്ല.

കഴിഞ്ഞ ദിവസം സീരി എയിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ മറ്റൊരു നേട്ടം കൂടി ഇബ്രാഹിമോവിച്ച് സ്വന്തമാക്കി. യുഡിനസിനെതിരെ എസി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിലായിരുന്നു സ്ലാട്ടൻറെ ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെ ഇബ്ര വല കുലുക്കിയപ്പോൾ ഇറ്റാലിയൻ ലീഗിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമായി മാറി.

41 വയസും 166 ദിവസവുമാണ് കഴിഞ്ഞ ദിവസം ഗോൾ നേടുമ്പോൾ ഇബ്രാഹിമോവിച്ചിന്റെ പ്രായം. ഇതിനു മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കി വെച്ചിരുന്ന അലെസാന്ദ്രോ കോസ്റ്റകാർട്ടയെക്കാൾ 141 ദിവസം പ്രായക്കൂടുതലുള്ളപ്പോഴാണ് ഇബ്രാഹിമോവിച്ച് ഈ ഗോൾ നേടുന്നത്. സീസൺ അവസാനിക്കാൻ ഇനിയും സമയമുണ്ടെന്നിരിക്കെ സ്ലാട്ടന് ഈ റെക്കോർഡിന്റെ ഇനിയും മെച്ചപ്പെടുത്താൻ കഴിയും.

അതേസമയം തന്റെ പുതിയ റെക്കോർഡ് നേട്ടത്തോട് രസകരമായ രീതിയിലാണ് സ്ലാട്ടൻ പ്രതികരിച്ചത്. കോസ്റ്റകർട്ടക്ക് വേണമെങ്കിൽ ഈ റെക്കോർഡ് സ്വന്തം പേരിൽ തന്നെ സൂക്ഷിക്കാമെന്നും തനിക്കീ റെക്കോർഡ് ആവശ്യമില്ലെന്നുമാണ് സ്ലാട്ടൻ പ്രതികരിച്ചത്. കുറച്ചു കാലമായി പരിക്കിന്റെ പിടിയിലുള്ള താരത്തിന് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഈ ഗോൾ.

ഈ മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള സ്വീഡൻ ടീമിൽ ഇടം നേടിയിട്ടുള്ള താരത്തിന് വലിയൊരു നേട്ടം സ്വന്തമാക്കാൻ ഇത്തവണ അവസരമുണ്ട്. കരിയറിൽ ഇതുവരെ സ്ലാട്ടൻ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല. ഇത്തവണ ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകളിൽ മിലാനുമുണ്ടെന്നിരിക്കെ ആ നേട്ടം സ്വന്തമാക്കാൻ പരമാവധി ശ്രമം നടത്താൻ താരത്തിന് കഴിയും.

You Might Also Like