യുവന്റസിനെ മൂന്നിൽ മുക്കി മിലാൻ, യൂറോപ്പ കളിക്കേണ്ടി വരുമോ?

സ്വന്തം തട്ടകമായ ടുറിനിൽ വെച്ചു നടന്ന സീരീ എ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എസി മിലാനോട് യുവന്റസിനു തോൽവിയേറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ നേടാനാവാതെ നിറം മങ്ങിയപ്പോൾ തോൽവിയോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് യുവന്റസ്.

ആദ്യപകുതിയുടെ അവസാനത്തിൽ തന്നെ ബ്രാഹിം ഡയസിലൂടെ മിലാൻ മുന്നിലെത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്‌. രണ്ടാം പകുതിയിൽ മികച്ച ആക്രമണം തുടർന്ന മിലാനു യുവന്റസ് താരം കിയെല്ലിനിയുടെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റി മധ്യനിരതാരം കെസ്സി പാഴാക്കിയത് തിരിച്ചടിയായി മാറി.

എന്നാൽ അധികം വൈകാതെ തന്നെ മിലാൻ മുന്നേറ്റതാരം ആന്ദ്രേ റെബിച്ചിന്റെ തകർപ്പൻ ലോങ്ങ്‌ റേഞ്ചർ ശ്രമം വലയിലെത്തിയതോടെ മിലാൻ കളിയിൽ ആധിപത്യം നേടുകയായിരുന്നു. കളിയിലേക്ക് തിരിച്ചെത്താനുള്ള യുവന്റസിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേകി ടോമോരിയിലൂടെ മിലാൻ ലീഡ് ഉയർത്തിയതോടെ യുവന്റസിനു തോൽവി സമ്മതിക്കേണ്ടി വരികയായിരുന്നു.

അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഇനി ബാക്കിയുള്ള നാലു മത്സരങ്ങളും യുവന്റസിനു നിർണായകമായിരിക്കുകയാണ്. ഒപ്പം നാലാം സ്ഥാനത്തുള്ള നാപോളി പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടാൻ എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയിലാണ് യുവന്റസ്.

You Might Also Like