ജെനോവക്കെതിരെ ഗോൾ നേടാനായില്ല, നിരാശയിൽ ജേഴ്‌സി വലിച്ചെറിഞ്ഞു ക്രിസ്ത്യാനോ

Image 3
FeaturedFootballSerie A

ജെനോവക്കെതിരായ സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ മികച്ച വിജയം നേടാൻ യുവന്റസിനു സാധിച്ചിരുന്നു. ഇതോടെ 63 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് യുവന്റസ്. യുവന്റസിനായി ഡേജൻ കുലുസേവ്സ്കി, അൽവാരോ മൊറാട്ട, വെസ്റ്റൺ മക്കെന്നി എന്നിവരാണ് ജെനോവയുടെ ഗോൾവല കുലുക്കിയത്.

എന്നാൽ നിരാശജനകമായ പ്രകടനമായിരുന്നു സൂപ്പർതാരം ക്രിസ്ത്യനോയെ സംബന്ധിച്ചു ഈ മത്സരം. കിട്ടിയ അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതിരുന്നതും കൂടുതൽ പിന്തുണ സഹതാരങ്ങളിൽ നിന്നും ലഭിക്കാഞ്ഞതും താരത്തെ വലിയ രീതിയിൽ നിരാശനാക്കി എന്നാണ് റിപ്പോർട്ടുകൾ. ഗോൾ അടിക്കാനാവാത്ത നിരാശയും ദേഷ്യവും അടക്കാനാവാതെ മത്സരത്തിന്റെ അവസാനത്തിൽ തന്റെ ജേഴ്സി ഊരി ക്രിസ്ത്യാനോ നിലത്തേക്ക് വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പോർച്ചുഗലിനൊപ്പവും ഗോൾ നേടാനാവാത്തതിന്റെ നിരാശ ക്രിസ്ത്യാനോ ഇത്തരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞു തീർത്തിരുന്നു. ഇത്തവണ അത് ജനോവക്കെതിരെ ജേഴ്സി ആയെന്നു മാത്രം. ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്നായി 25 ഗോളുകൾ നേടാൻ ക്രിസ്ത്യാനോക്കു സാധിച്ചിട്ടുണ്ട്. ഇത്തവണ ജെനോവക്കെതിരെ നേടാനായില്ലെന്നു മാത്രം.

വിവാദമായ ഈ ജേഴ്സി വലിച്ചെറിഞ്ഞ സംഭവത്തിൽ പിർലോക്ക് പറയാനുള്ളത് മറ്റൊന്നാണ്.
“അവനു ഗോൾ നേടാൻ ആഗ്രഹമുണ്ടായിരുന്നെന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചും മത്സരം ഒരു സങ്കീർണമായ ദിശയിലേക്ക് മാറിയതുകൊണ്ട് തന്നെ. ഇത് ഒരു ജേതാവ് എപ്പോഴും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയേ തോന്നിയിട്ടുള്ളു.” പിർലോ പറഞ്ഞു.