ഏഷ്യൻ കപ്പ് മൈതാനങ്ങളെ ആവേശത്തിലാഴ്ത്തുന്ന ആരാധകപ്പട, ഇന്ത്യൻ ആരാധകർക്ക് പ്രശംസ

ഏഷ്യൻ കപ്പിൽ അൽപ്പസമയത്തിനകം നിർണായക പോരാട്ടത്തിനായി ഇറങ്ങാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ ടീമുകളോട് തോൽവി വഴങ്ങിയ ഇന്ത്യ സിറിയക്കെതിരെ വിജയം നേടിയാലും മറ്റു ടീമുകളുടെ ഫലങ്ങൾ കൂടി ആശ്രയിച്ചാകും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള അവസരമുണ്ടാവുക. സിറിയക്കും അതെ സാധ്യത ഉള്ളതിനാൽ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

അതേസമയം ഇന്ത്യയുടെ ഈ സാഹചര്യത്തിലും ഇന്ത്യക്ക് പിന്തുണ നൽകുന്ന ആരാധകർ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഏഷ്യൻ കപ്പിൽ ഏറ്റവും മികച്ച ആരവങ്ങൾ സൃഷ്‌ടിക്കുന്ന ആരാധകക്കൂട്ടമായി ഇന്ത്യയിൽ നിന്നുള്ള ആരാധകർ മാറിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാതെ രീതിയിലുള്ള ആഘോഷമാണ് ഇന്ത്യയിൽ നിന്നുള്ള ആരാധകർ നടത്തുന്നത്.

ആതിഥേയരായ ഖത്തറിനെയും അയൽരാജ്യങ്ങളെയും മാറ്റി നിർത്തിയാൽ ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് ഏറ്റവുമധികം ആരാധകർ സ്റ്റേഡിയത്തിൽ എത്തുന്നത് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്കാണ്. അതിനു പുറമെ മത്സരങ്ങൾക്ക് മുൻപ് സ്റ്റേഡിയത്തിനു പുറത്ത് വാദ്യമേളങ്ങളും മറ്റുമായി ഗംഭീരമായ ആരവം തീർക്കാനും അവർ വലിയ രീതിയിലുള്ള ശ്രമം നടത്തുന്നുണ്ട്.

ഇന്ത്യക്ക് ഏഷ്യൻ കപ്പിൽ ഇതുപോലെയുള്ള പിന്തുണ ലഭിക്കാൻ പ്രധാന കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട കൂടിയാണ്. മഞ്ഞപ്പടയുടെ ഖത്തർ വിങ്ങാണ് പ്രധാനമായും ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള ആരാധകരെ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നത്. അതു വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

You Might Also Like