മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് വീണ് യുവന്റസ്, പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു

സമാനതകളില്ലാത്ത തിരിച്ചടി നേരിട്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. നിലവിൽ സീരി എയിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ക്ലബിന്റെ പതിനഞ്ചു പോയിന്റുകൾ കുറക്കാൻ കഴിഞ്ഞ ദിവസം ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തു. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് യുവന്റസ്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാമെന്ന യുവന്റസിന്റെ മോഹങ്ങൾ ഇതോടെ ഇല്ലാതായിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളിൽ വന്ന വീഴ്‌ചയാണ്‌ യുവന്റസിനെതിരെയുള്ള ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്ക് കാരണമായത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി പിഴവുകൾ യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. യുവന്റസ് ക്ലബിനെതിരായ നടപടിക്ക് പുറമെ ക്ലബിന്റെ പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിക്ക് ഇരുപത്തിനാല് മാസത്തെ വിലക്കും മുൻ സ്പോർട്ടിങ് ഡയറക്റ്റർ ആയിരുന്ന ഫാബിയോ പാറ്ററിസിക്ക് മുപ്പതു മാസത്തെ വിലക്കും നൽകിയിട്ടുണ്ട്.

യുവന്റസ് പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിയും വൈസ് പ്രസിഡന്റായിരുന്ന പാവൽ നെദ്വേദും ബോർഡ് അംഗങ്ങളും കഴിഞ്ഞ നവംബറിൽ രാജി വെച്ചതിനു പിന്നാലെയാണ് ശിക്ഷാനടപടികൾ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ നടത്തിയ തിരിമറി കാരണം താരങ്ങളുടെ വേതനത്തിൽ നിന്നും 90 മില്യൺ യൂറോ ഇവർ ലാഭിച്ചുവെന്നത് ഇതിലെ പ്രധാന കുറ്റകൃത്യമാണ്. ഇതിനു പുറമെയും നിരവധി പിഴവുകൾ യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്ന് സീരി എ ലീഗൽ പ്രോസിക്യൂട്ടർ കണ്ടെത്തി.

കഴിഞ്ഞ കുറച്ചു സീസണുകളായി മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന യുവന്റഡ് അല്ലെഗ്രിയുടെ കീഴിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്താണ് ഇതുപോലെയൊരു തിരിച്ചടി അവർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പോയിന്റ് നഷ്‌ടമായത് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതിനൊപ്പം ജനുവരിയിൽ അവരെ ക്ലബുകൾ റാഞ്ചാനുള്ള സാധ്യതയുമുണ്ട്. ഈ സീസനിലിനി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയുമെന്ന പ്രതീക്ഷയും യുവന്റസിനുണ്ടാകില്ല.

 

You Might Also Like