ഒൻപത് മാസങ്ങൾക്ക് ശേഷം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും കളിക്കളത്തിലേക്ക്

സ്വീഡിഷ് മുന്നേറ്റനിര താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. നിലവിൽ ഇറ്റാലിയൻ ക്ലബായ എസി മിലാനിൽ കളിക്കുന്ന നാൽപത്തിയൊന്ന് വയസുള്ള താരം കഴിഞ്ഞ ഒൻപതു മാസമായി പരിക്കേറ്റു ടീമിൽ നിന്നും പുറത്തായിരുന്നു. എന്നാൽ ഇന്ന് രാത്രി എസി മിലാനും ടോറിനോയും തമ്മിൽ നടക്കുന്ന മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കാൽപാദത്തിനേറ്റ പരിക്കാണ് സ്ലാട്ടൻ ഇത്രയും മാസങ്ങൾ കളിക്കളത്തിനു വെളിയിലിരിക്കാൻ കാരണമായത്. കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയ എസി മിലാൻ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും താഴെയാണ് നിൽക്കുന്നത്. താരം തിരിച്ചെത്തുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സ്കൈ ഇറ്റാലിയയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ആദ്യ ഇലവനിൽ താരം കളിക്കാനുള്ള സാധ്യതയില്ല. ബെഞ്ചിൽ സ്റ്റാർട്ട് ചെയ്യുന്ന താരത്തിനു മത്സരത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അവസരം ലഭിച്ചേക്കും. സ്വയം തെളിയിക്കാനുള്ള അവസരം സ്വീഡിഷ് താരത്തിന് ഈ മത്സരം നൽകും.

എസി മിലാൻ ടീമിലേക്ക് തിരിച്ചു വരികയാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സ്ലാട്ടന് അവസരമുണ്ടാകില്ല. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ താരം ഇടം പിടിച്ചിട്ടില്ല. താരത്തിന്റെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിരേണ്ടെന്നു കരുതിയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും സ്ലാട്ടനെ എസി മിലാൻ ഒഴിവാക്കിയത്.

നാല്പത്തിയൊന്നുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇനിയും കളിക്കളത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. ഈ സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ടീമിനെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് എത്തിക്കുകയാണെങ്കിൽ താരത്തിന് പുതിയ കരാർ നൽകാൻ മിലാൻ ചിലപ്പോൾ തയ്യാറാകും. അതല്ലെങ്കിൽ ഈ സീസണ് ശേഷം താരം കളിക്കളത്തോടു തന്നെ വിട പറയുമെന്നാണ് കരുതേണ്ടത്.

 

You Might Also Like