മെസി എവിടേക്ക് ഷൂട്ട് ചെയ്യുമെന്ന് നേരത്തെ അറിയാമായിരുന്നു, പോളണ്ട് കീപ്പർ പറയുന്നു

അർജന്റീനയും പോളണ്ടും തമ്മിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ആരാധകർക്ക് ആശങ്ക നൽകിയാണ് ആദ്യ പകുതിയിൽ ലയണൽ മെസി പെനാൽറ്റി നഷ്‌ടമാക്കിയത്. മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ലോകകപ്പിൽ നിന്നും പുറത്തു പോയേക്കുമെന്ന സാഹചര്യത്തിൽ ലഭിച്ച നിർണായകമായ പെനാൽറ്റിയാണ് മെസി ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടത്. നിർണായകമായ പെനാൽറ്റി തടഞ്ഞിട്ട് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹീറോയായി മാറിയത് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നിയായിരുന്നു. സൗദി അറേബ്യക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ നിർണായകമായ പെനാൽറ്റി തടഞ്ഞിട്ട യുവന്റസ് ഗോൾകീപ്പർ അർജന്റീനക്കെതിരെയും അതാവർത്തിച്ചു.

ആ പെനാൽറ്റി തടുത്തതിനെ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പോളണ്ട് ഗോൾകീപ്പർ. മെസി എങ്ങോട്ടാണ് ഷൂട്ട് ചെയ്യുകയെന്നു തനിക്കറിയാമായിരുന്നു എന്നാണു താരം പറയുന്നത്.  “ഇപ്പോൾ എനിക്കു പറയാം മെസി എവിടേക്കാവും ഷൂട്ട് ചെയ്യുകയെന്ന് എനിക്കറിയാമായിരുന്നുവെന്ന്, എന്നാൽ ആ സമയത്ത് അതിൽ ഉറപ്പില്ലായിരുന്നു. ചില പെനാൽറ്റികളിൽ ലിയോ ഗോൾകീപ്പറെ നോക്കി ഷൂട്ട്‌ ചെയ്യുമ്പോൾ മറ്റു ചിലതിൽ വളരെ ശക്തമായി അടിക്കുകയാണ് ചെയ്യാറുള്ളത്.”

“താരം ശക്തമായതാണ് അടിക്കുകയെങ്കിൽ അത് ഇടതു ഭാഗത്തേക്കായിരിക്കാനാണ് കൂടുതൽ സാധ്യതയെന്ന് എനിക്കറിയാമായിരുന്നു. താരം പതുക്കെയടിക്കാൻ മുതിരുന്നില്ലെന്ന് തോന്നി, ഞാനത് മനസിലാക്കി, ശ്രമിച്ചു, തടുത്തു. അതെനിക്ക് സന്തോഷകരമായ അനുഭവവും സംതൃപ്‌തിയും നൽകി. ടീമിനോട് ഞാൻ കടപ്പെട്ടിരുന്ന കാര്യമായിരുന്നു അത്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പോളിഷ് താരം പറഞ്ഞു. മെസിയുടെ പെനാൽറ്റി തടുക്കാൻ ഭാഗ്യം കൂടി വേണമെന്നും താരം പറഞ്ഞു.

പെനാൽറ്റി നൽകിയ തീരുമാനം തെറ്റാണെന്നു കരുതുന്നുവെന്നാണ് പോളണ്ട് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. മെസിയുടെ മുഖത്ത് താൻ തൊട്ടുവെന്നും എങ്കിലും അതൊരു പെനാൽട്ടിയല്ലെന്നു കരുതുന്നുവെന്നും താൻ അപ്പോൾ തന്നെ റഫറിയോടു പറഞ്ഞുവെന്നും എന്നാൽ അദ്ദേഹം അതിനു എതിരായാണ് വിധിച്ചതെന്നും ഷെസ്‌നി പറയുന്നു. അതിൽ യാതൊരു പരാതിയുമില്ലെന്നും അതെനിക്ക് തടുക്കാൻ കഴിഞ്ഞുവെന്നും യുവന്റസ് താരം കൂട്ടിച്ചേർത്തു.

അർജന്റീനയോട് തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാർട്ടറിലേക്ക് ചേക്കേറിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ ഫ്രാൻസാണ് അവരുടെ എതിരാളികൾ. ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാൻസിനെതിരെ പോളണ്ട് വിജയിക്കാൻ സാധ്യതയില്ലെങ്കിലും പൊരുതാൻ തന്നെയായിരിക്കും ടീമിന്റെ തീരുമാനം.

You Might Also Like