സിക്‌സ് കൊണ്ട് മാലപ്പടക്കം, ഹോള്‍ഡറുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, അവസാന പന്തില്‍ ജയം പഞ്ചാബിന്

ഐപിഎല്ലില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സിന് ആവേശ ജയം. അവസാന പന്ത് വരെ ആവേശകരമായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് സണ്‍റൈസസിനെ കിംഗ്‌സ് പഞ്ചാബ് തകര്‍ത്തത്. പഞ്ചാബ് കിംഗ്‌സ് മുന്നോട്ട് വെച്ച 126 റണ്‍സ് വിജയക്ഷ്യം സണ്‍റൈസസ് ഹൈദരാബാദിന് മറികടക്കാനായില്ല.

ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും അവസാന പന്തില്‍ സിക്‌സ് നേടുന്നതില്‍ പരാജയപ്പെട്ടതോടെ ടീം തോല്‍ക്കുകയായിരുന്നു. ഹോള്‍ഡര്‍ 29 പന്തില്‍ അഞ്ച് സിക്‌സ് അടക്കം 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 37 പന്തില്‍ 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്‌സ്മാന്‍.

വാര്‍ണര്‍ (2), വില്യംസണ്‍ (1), മനീഷ് പാണ്ഡ്യ (13), കേദര്‍ ജാദവ് (12), അബ്ദുല്‍ സമദ് (1), റാഷിദ് ഖാന്‍ (3), ഭുവനേശ്വര്‍ (3*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

പഞ്ചാബിനായി ഐപിഎല്ലില്‍ അരങ്ങേറിയ രവി ബിഷോളിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് പഞ്ചാബ് നിരയില്‍ ശ്രദ്ധേയമായത്. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബിഷോള്‍ സ്വന്തമാക്കിയത്. ഷമി നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടും അര്‍ഷദീപ് 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിനായി 27 റണ്‍സെടുത്ത മാര്‍ക്കരം ആണ് ടോപ് സ്‌കോറര്‍. രാഹുല്‍ 21ഉം ക്രിസ് ഗെയില്‍ 14ഉം റണ്‍സെടുത്തു. ഹര്‍പ്രീത് 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാലോവര്‍ വെറും 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാസണ്‍ ഹോള്‍ഡറാണ് സണ്‍റൈസസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. റാഷിദ് ഖാനും സന്ദീപ് ശര്‍മ്മയും ഭുവനേശ്വര്‍ കുമാറും അബ്ദുല്‍ സമദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

You Might Also Like