ഇഞ്ചക്ഷനെടുക്കാതെ മകനോടൊപ്പം പോലും കളിക്കാൻ കഴിയില്ല, കടുത്ത വേദനയുടെ ദിനങ്ങളിൽ സുവാരസ്

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ലൂയിസ് സുവാരസ് നിലവിൽ കളിക്കുന്നത് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലാണ്. എന്നാൽ ഈ സീസണോടെ ബ്രസീലിയൻ ക്ലബിനൊപ്പമുള്ള കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം താരം എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലിയൻ ക്ലബിന്റെ മൈതാനത്ത് അവസാനത്തെ മത്സരം താരം കളിക്കുകയും ആരാധകരോട് യാത്ര ചോദിക്കുകയും ചെയ്‌തു.

വരുന്ന സീസണിൽ ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിലാണ് സുവാരസ് കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത് ഉറപ്പിക്കാൻ കഴിയില്ലെന്ന സൂചന താരം കഴിഞ്ഞ ദിവസം നൽകി. ഫിറ്റ്നസ് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ഇഞ്ചക്ഷൻ എടുത്തതിനു ശേഷമാണ് താൻ കളിക്കാൻ ഇറങ്ങുന്നതെന്നും കഴിഞ്ഞ സീസൺ മുഴുവൻ അങ്ങിനെയാണ് കളിച്ചതെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നടത്തിയത്.

ഓരോ മത്സരത്തിന്റെയും ദിവസങ്ങൾക്ക് മുൻപ് താൻ മൂന്നു ഗുളിക വീതം കഴിക്കാറുണ്ടെന്നും മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്നുമാണ് താരം പറയുന്നത്. അത് ചെയ്‌തില്ലെങ്കിൽ വേദന കാരണം കളിക്കാൻ കഴിയില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം ഫൈവ്‌സ് കളിക്കാൻ പോലും കഴിയില്ലെന്നും താരം പറയുന്നു. തന്റെ മകൻ ഒപ്പം കളിക്കാൻ ആവശ്യപ്പെടുന്ന സമയത്ത് അതിനു പോലും തനിക്ക് കഴിയാറില്ലെന്നും സുവാരസ് വ്യക്തമാക്കി.

കഠിനമായ വേദന സഹിച്ചാണ് സുവാരസ് കളിക്കളത്തിൽ തുടരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. തനിക്ക് വിശ്രമം ആവശ്യമാണെന്ന് പറയുന്ന താരം ഇതേ നിലയിൽ അടുത്ത സീസണിലും കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. അതേസമയം ഈ സീസണിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. പതിനഞ്ചു ഗോളും പതിനൊന്ന് അസിസ്റ്റും സ്വന്തമാക്കിയ സുവാരസിന് കീഴിൽ ഗ്രെമിയോ ലീഗിൽ നാലാമതാണ്.

You Might Also Like