മെസിക്ക് പിന്നാലെ ഇന്റർ മിയാമിയിലേക്കോ, നിലപാട് വ്യക്തമാക്കി ലൂയിസ് സുവാരസ്

ലയണൽ മെസിയുടെ അടുത്ത സുഹൃത്താണ് യുറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. ലിവർപൂളിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം ആരംഭിച്ച സൗഹൃദം കളിക്കളത്തിലും പുറത്തും ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞു. നിസ്വാർത്ഥമായി കളിക്കുന്ന ഈ താരങ്ങൾ അതിന്റെ പേരിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു.

ലയണൽ മെസി യൂറോപ്പ് വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ ഉയർന്ന അഭ്യൂഹങ്ങളിൽ ഒന്നാണ് ലൂയിസ് സുവാരസും താരത്തിനൊപ്പം ചേരുമെന്ന്. അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ചതിനു പിന്നാലെ യൂറോപ്പ് വിട്ട ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് താരം മെസിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായത്.

എന്നാൽ താൻ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം സുവാരസ് പൂർണമായും നിഷേധിക്കുകയാണ് ചെയ്‌തത്‌. “ആ അഭ്യൂഹങ്ങൾ തെറ്റായതും അസാധ്യമായതുമാണ്. ഞാൻ ഗ്രെമിയോയിൽ വളരെ സന്തോഷവാനാണ്, എനിക്കവരുമായി 2024 വരെ കരാറുമുണ്ട്.” ലൂയിസ് സുവാരസ് പ്രതികരിച്ചു.

നിലവിൽ ഗ്രെമിയോയുമായി കരാർ നിലനിൽക്കുന്നതിനാൽ തന്നെ ലൂയിസ് സുവാരസിനെ സ്വന്തമാക്കുക ഇന്റർ മിയാമിക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ സുവാരസ് അല്ലാതെ മറ്റു ബാഴ്‌സലോണ താരങ്ങളെ സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് പദ്ധതിയുണ്ട്. സീസൺ കഴിഞ്ഞതോടെ ബാഴ്‌സലോണ വിട്ട സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരാണ് ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ സാധ്യതയുള്ളത്.

You Might Also Like