ജ്യോത്സൻ പറഞ്ഞാൽ സ്റ്റിമാച്ച് അനുസരിക്കും, ഇന്ത്യൻ പരിശീലകൻ വിവാദത്തിൽ

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ച് സ്‌ക്വാഡ് തീരുമാനം അടക്കമുള്ള കാര്യങ്ങളിൽ ജ്യോത്സന്റെ സഹായം തേടുന്നുവെന്ന് റിപ്പോർട്ടുകൾ. ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സുപ്രധാന വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടുന്നതിനു മുൻപ് ജ്യോത്സനു ലഭിക്കുന്നുണ്ടെന്നും അദ്ദേഹമാണ് അതിൽ മാറ്റങ്ങൾ നിർദ്ദേശിക്കാറുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീം ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഒരു ജ്യോതിഷിയെ നിയമിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വമ്പൻ തുകയാണ് ഇദ്ദേഹത്തിന് പ്രതിഫലമായി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവാദങ്ങൾ ഉണ്ടായതിനു പിന്നാലെയാണ് പരിശീലകൻ തന്നെ സഹായം തേടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ തന്നെയാണ് സ്റ്റിമാച്ചിന് ഈ ജ്യോതിഷിയെ പരിചയപ്പെടുത്തി നൽകിയത്.

2022 ജൂണിൽ അഫ്‌ഗാനിസ്ഥാനെതിരെ നടന്ന ഏഷ്യ കപ്പ് മത്സരത്തിന് ഏതാനും ദിവസങ്ങൾ മുൻപ് ജ്യോത്സനു ടീം ലൈനപ്പ് സ്റ്റിമാച്ച് നൽകിയെന്നും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇദ്ദേഹം നിർദ്ദേശിച്ച മാറ്റങ്ങളുടെ ഭാഗമായി രണ്ടു പ്രധാന താരങ്ങളെ അന്നത്തെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും സൂചനകളുണ്ട്. താരങ്ങളുടെ പരിക്ക്, സബ്സ്റ്റിറ്റ്‌യൂഷൻ തുടങ്ങിയ കാര്യങ്ങളിലും ജ്യോതിഷിയുടെ ഇടപെടൽ ഉണ്ടാകും.

2023ൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ നിന്നും മികച്ച പ്രകടനമാണ് ഉണ്ടായത്. മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യ തങ്ങളേക്കാൾ മികച്ച ടീമുകളെ അട്ടിമറിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പടവുകൾ താണ്ടുകയാണെന്ന് ആരാധകർ ഒന്നടങ്കം വിശ്വസിക്കുമ്പോഴാണ് ഇതുപോലെയുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇത് ഫുട്ബോൾ ആരാധകരെ ഒന്നടങ്കം നിരാശരാക്കുന്ന കാര്യമാണ്.

You Might Also Like