അവനെ കരുതിയിരിക്കണം, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങും മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി മാറുന്നതോടെ കൂടുതല്‍ അപകടകാരിയാവും എന്നാണ് ശാസ്ത്രി പറയുന്നത്. അമ്മയുടെ അസുഖം കാരണം പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് തിരിച്ചതോടെയാണ് ഇന്‍ഡോറില്‍ ഓസീസിനെ നയിക്കാനുള്ള ചുമതല വൈസ് ക്യാപ്റ്റന്‍ സ്മിത്തിനെ തേടിയെത്തിയത്.

‘സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി വരുന്നത് സ്വാഭാവികമാണ്. അത് അയാളുടെ പ്രകടനം മെച്ചപ്പെടുത്തും. ക്യാപ്റ്റനായപ്പോഴൊക്കെ സ്മിത്തിന്റെ ബാറ്റ് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്തം സ്മിത്തിന്റെ ചിന്താഗതി തന്നെ മാറ്റും. അയാളുടെ ഏകാഗ്രത ഉയരും’ ശാസ്ത്രി പറഞ്ഞു.

‘ക്യാപ്റ്റനായിരിക്കേയുള്ള സ്മിത്തിന്റെ ബാറ്റിംഗ് ശരാശരി നോക്കൂ. അതിഗംഭീരമാണത്. ടീമിനെ നയിക്കുന്ന അധിക ഭാരംപേറാന്‍ പോന്ന താരമാണ് സ്മിത്ത്. സ്മിത്തിനെ ഇന്ത്യ ഭയക്കണം. നാഗ്പൂരില്‍ ഫോമിന്റെ ചെറിയൊരു മിന്നല്‍ സ്മിത്ത് കാട്ടിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ രണ്ട് തവണയും അശ്വിന്‍ പുറത്താക്കി. തെറ്റുകള്‍ തിരുത്തി വന്‍ സ്‌കോര്‍ കണ്ടെത്തുന്ന വളരെ കുറച്ച് താരങ്ങളില്‍ ഒരാളാണ് സ്മിത്ത്. ഇന്ത്യയില്‍ മുമ്പ് ഓസീസിനെ നയിച്ച പരിചയം അയാള്‍ക്കുണ്ട്. ഐപിഎല്ലില്‍ കളിക്കുകയും ക്യാപ്റ്റനാവുകയും ചെയ്തിട്ടുണ്ട്. ക്യാപ്റ്റനായി കമ്മിന്‍സിന് ഇന്ത്യയില്‍ വലിയ പരിചയമില്ലാത്തത് ഓസീസിന് തിരിച്ചടിയായിട്ടുണ്ട്’ ശാസ്ത്രി പറയുന്നു.

പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റാണ് ഓസീസ് നാളെ മൂന്നാം മത്സരത്തിനായി സ്മിത്തിന്റെ നായകത്വത്തില്‍ ഇന്‍ഡോറില്‍ ഇറങ്ങുന്നത്. ഇതുവരെ ബാറ്റിംഗില്‍ ഫോമിലേക്ക് ഉയരാന്‍ സ്മിത്തിനായിട്ടില്ല.

നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 37 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്നു. ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് വട്ടവും അശ്വിന്റെ പന്തില്‍ പുറത്തായപ്പോള്‍ 0, 9 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

You Might Also Like