ഇത് ചരിത്രം, അവിശ്വസനീയ റെക്കോര്‍ഡുകള്‍ എറിഞ്ഞിട്ട് സിറാജ്

ഏഷ്യാ കപ്പ് ഫൈനലില്‍ സ്വപ്‌ന സമാനമായ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞിട്ടത് ഒരുപിടി റെക്കോര്‍ഡുകള്‍. മത്സരത്തില്‍ ഏഴ് ഓവര്‍ എറിഞ്ഞ താരം ഒരു മെയ്ഡിനടക്കം 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്ക 15.2 ഓവറില്‍ കേവലം 50 റണ്‍സിന് പുറത്താകുകയായിരുന്നു.

തന്റെ രണ്ടാം ഓവറില്‍ നാല് മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയാണ് മുഹമ്മദ് സിറാജ് ഞെട്ടിത്. നാലാം ഓവറില്‍ ഒരു വിക്കറ്റ് കൂടി എടുത്ത് തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ഇതോടെ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടം സിറാജ് സ്വന്തമാക്കി. കേവലം 16 പന്തുകളാണ് സിറാജിന് അഞ്ച് വിക്കറ്റ് തികക്കാന്‍ വേണ്ടി വന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചാമിന്ദ വാസിന്റെ പേരിലുളള റെക്കോര്‍ഡിനൊപ്പമാണ് സിറാജ് എത്തിയിരിക്കുന്നത്. 2003ല്‍ ബംഗ്ലാദേശിനെതിരെ വാസ് 16 പന്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

കൂടാതെ ഇന്ത്യയ്ക്കായി ഒരോവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെ അപൂര്‍വ്വ നേട്ടവും ഈ ഹൈദരാബാദ് പേസര്‍ സ്വന്തം പേരില്‍ കുറിച്ചു. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി.

അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

കൂടാതെ മത്സരത്തില്‍ സിറാജ് ഏകദിനത്തില്‍ 50 അന്താരാഷ്ട്ര വിക്കറ്റും തികച്ചു. ഇതോടെ ഇന്ത്യയ്ക്കായി വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ മാത്രം ബൗണ്ടറായി മാറി സിറാജ്. ബോള്‍ കണക്കാക്കുകയാണെങ്കില്‍ അജന്ത മെന്‍ഡിസിന് (847) ശേഷം വേഗത്തില്‍ 50 വിക്കറ്റ് നേട്ടത്തിലെത്തിയ താരമാണ് സിറാജ്. 1002 പന്താണ് സിറാജിന് 50 വിക്കറ്റ് തികയ്ക്കാന്‍ വേണ്ടി വന്നത്.

You Might Also Like