രോഹിത്തും സൂര്യയും മുംബൈ വിടും, പകരം ഹാര്‍ദ്ദിക്കിന് കൂട്ടായി രാഹുലും ആ രണ്ട് പേരുമെത്തും

Image 3
CricketCricket News

ഐപിഎല്ലില്‍ നാടകീയമായി തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലത്തില്‍ ഹാര്‍ദ്ദിക്കിനെ മുന്‍ നിര്‍ത്തി മുംബൈ ടീം അടിമുടി പരിഷ്‌ക്കരിക്കാനാണ് ഉടമകള്‍ തയ്യാറെടുക്കുന്നത്.

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും. രോഹിത്തിനോട് വേണ്ടത്ര ആലോചന നടത്താതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതില്‍ അതൃപ്തിയുണ്ടെന്ന് രോഹിത് പരസ്യമായിത്തന്നെ വ്യക്തമാക്കിയതാണ്.

രോഹിത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ പ്രയാസമുണ്ടെന്നും മുംബൈ വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. രണ്ട് പേരുമാണ് മുംബൈ ടീമിനുള്ളിലെ സാഹചര്യം മോശമാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.

രോഹിത്തും സൂര്യയും ചേര്‍ന്ന് മുംബൈ ടീമിനെ രണ്ട് തട്ടിലാക്കിയെന്നാണ് ഹാര്‍ദിക് അനുകൂലികള്‍ ആരോപിക്കുന്നത്. ഹാര്‍ദിക്കിനും ഇവര്‍ ടീമില്‍ തുടരുന്നതിനോട് വലിയ താല്‍പര്യമില്ല. സ്വതന്ത്ര ശൈലിയില്‍ ടീമിനെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭാവി മുന്നില്‍ക്കണ്ട് ഹാര്‍ദിക്കിനെ പിന്തുണച്ച് രോഹിത്തിനേയും സൂര്യയേയും ഒഴിവാക്കാനാണ് മുംബൈ ടീം മാനേജ്മെന്റും ആഗ്രഹിക്കുന്നത്.

മുംബൈ ചില സൂപ്പര്‍ താരങ്ങളേയും നോട്ടമിടുന്നുണ്ടെന്നാണ് വിവരം. രോഹിത്തിനേയും സൂര്യയേയും ഒഴിവാക്കി പകരം ഹാര്‍ദ്ദിക്കിന്റെ അടുത്ത സുഹൃാത്ത് കൂടിയായ കെ എല്‍ രാഹുലിനെ ടീമിലേക്കെത്തിക്കാന്‍ മുംബൈ ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. രണ്ട് ഓള്‍റൗണ്ടര്‍മാരേയും മുംബൈ നോട്ടമിടുന്നു.

ലഖ്നൗവില്‍ നിന്ന് മാര്‍ക്കസ് സ്റ്റോയിണിസിനെയും ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് റാഷിദ് ഖാനേയും ഒപ്പം കൂട്ടാന്‍ മുംബൈ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. റാഷിദ് ആകട്ടെ ഏറെ നാളായി മുംബൈ നോട്ടമിടുന്ന താരമാണ് റാഷിദ് ഖാന്‍. എന്നാല്‍ റാഷിദിനെ ഇതുവരെ ടീമിലെത്തിക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല.