സൂപ്പര്‍ താരം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്, വന്‍ തിരിച്ചടി

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന യുവതാരം ശുഭ്മാന്‍ ഗില്ല് പുറത്തെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്. ഗില്ലിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ എങ്ങനെയാണ് പരിക്കേറ്റതെന്നോ ഉളള വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഗില്ലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കണോ എന്നതില്‍ തീരുമാനം ഉടനുണ്ടായേക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് ഗില്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ ഗില്ലിന് ചികിത്സ ലഭ്യമാക്കാനാണ് ബിസിസിഐയുടെ നീക്കം.

അതെസമയം പരിക്കിനെ തുടര്‍ന്ന് യുവതാരം ഏറെ നിരാശനാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഗില്‍ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരയായാണ് ഇംഗ്ലീഷ് പര്യടനത്തെ നോക്കി കണ്ടിരുന്നത്. ഇതിനിടെയാണ് പരിക്കിന്റെ രൂപത്തില്‍ താരം വലിയ തിരിച്ചടി നേരിടുന്നത്.

നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗില്‍ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 28 റണ്‍സ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് റണ്‍സ് നേടാനെ ഗില്ലിന് സാധിച്ചുളളു. ഇതോടെ താരത്തിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയര്‍ന്നത്.

നിലവില്‍ എട്ട് ടെസ്റ്റുകളാണ് ഗി്ല്‍ ഇതുവരെ കളിച്ചിട്ടുളളത്. 31.84 ശരാശരിയില്‍ 414 റണ്‍സും ഗില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറിയും യുവതാരം ഇതിനോടകം സ്‌കോര്‍ ചെയ്തിട്ടുണ്ട്.