വേഗത്തിന്റെ തമ്പുരാന്‍ വേദനക്കിടക്കയില്‍, ഏല്ലാവരും പ്രാര്‍ത്ഥിക്കാന്‍ അപേക്ഷ

വേഗം കൊണ്ട് ഒരുകാലത്ത് ലോകം കീഴടക്കിയ പാക് പേസ് ബൗളിംഗ് ഇതിഹാസം ഷുഹൈബ് അക്തറിന് കഴിഞ്ഞ ദിവസം വളരെ നിര്‍ണ്ണായകമായിരുന്നു. ഓസ്ട്രേലിയയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ് അക്തര്‍. ആരാധകരോട് തന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അക്തര്‍ അഭ്യര്‍ത്ഥിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്നും ഏവരും പ്രാര്‍ത്ഥനയില്‍ തന്നെ ഓര്‍ക്കണമെന്ന് അക്തര്‍ പറഞ്ഞു. ക്രിക്കറ്റില്‍ സജീവമായ സമയം തൊട്ട് അക്തറിനെ കാല്‍മുട്ടുവേദന വിടാതെ പിടികൂടിയിരുന്നു. പലപ്പോഴും താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു.

‘എനിക്ക് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതെ വീല്‍ചെയറിലായിപ്പോയേനേ. അതുകൊണ്ടാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.’ -വീഡിയോയിലൂടെ അക്തര്‍ പറഞ്ഞു.

‘എനിക്ക് ഇപ്പോള്‍ നല്ല വേദനയുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയയാകുമെന്ന് കരുതുന്നു’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ അക്തര്‍ പാകിസ്താന് വേണ്ടി 224 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 444 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ക്രിക്കറ്റില്‍ സജീവമാണ്. ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിലും ഐ.പി.എല്ലിലുമെല്ലാം താരം കളിച്ചിട്ടുണ്ട്.

You Might Also Like