സഞ്ജുവും കോഹ്ലിയും രോഹിത്തും പുറത്ത്, മറ്റൊരു ടി20 ടീം കൂടി

ഐപിഎല്‍ 13ാം സീസണ്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമായിരുന്നു. കാണികള്‍ക്ക് പ്രവേശനമില്ലാതെ യുഎഇലാണ് ടൂര്‍ണമെന്റ് നടന്നതെങ്കിലും റെക്കോഡ് ടെലിവിഷന്‍ കാഴ്ചക്കാരിലൂടെ ഐപിഎല്‍ വലിയ വിജയമായിത്തീര്‍ത്തു.

മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം നേടിയപ്പോള്‍ നിരവധി യുവതാരങ്ങളും ഇത്തവണ ശ്രദ്ധേയ പ്രകടനത്തിലൂടെ കൈയടി നേടി. ടൂര്‍ണമെന്റിന് ശേഷം നിരവധി പ്രമുഖര്‍ തങ്ങളുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലാണ് തന്റെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ആശിഷ് നെഹ്റ.

ബംഗളൂരുവിന്റെ നായകനായ വിരാട് കോഹ്ലി, രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മ,
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒഴിവാക്കിയാണ് നെഹ്റ തന്റെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്.

കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലും സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ് കെ എല്‍ രാഹുല്‍. വാര്‍ണറും ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

എബി ഡിവില്ലിയേഴ്സ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മധ്യനിര താരങ്ങള്‍. ആര്‍സിബിക്കൊപ്പം പ്രതീക്ഷ തെറ്റിക്കാത്ത പ്രകടനം കാഴ്ചവെക്കാന്‍ ഡിവില്ലിയേഴ്സിനായിരുന്നു. 15 മത്സരത്തില്‍ നിന്ന് 545 റണ്‍സാണ് അദ്ദേഹം ഇത്തവണ അടിച്ചെടുത്തത്. മുംബൈയുടെ യുവതാരം ഇഷാന്‍ കിഷന്‍ 14 മത്സരത്തില്‍ നിന്ന് 516 റണ്‍സുമായി മുംബൈ നിരയിലെ ടോപ് സ്‌കോററായിരുന്നു. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. പന്തെറിയാന്‍ സാധിച്ചില്ലെങ്കിലും ബാറ്റുകൊണ്ട് അദ്ദേഹം തിളങ്ങി. 14 മത്സരത്തില്‍ നിന്ന് 281 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഇതില്‍ 25 സിക്സര്‍ ഉള്‍പ്പെടും.

ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഇറങ്ങും. ഇരുവരും ബാറ്റിങ്ങിലും തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ്. ഒമ്പതാം സ്ഥാനത്ത് യുസ്‌വേന്ദ്ര ചഹലും 10ാം സ്ഥാനത്ത് ജസ്പ്രീത് ഭുംറയും അവസാന സ്ഥാനത്ത് മുഹമ്മദ് ഷമിയുമാണുള്ളത്. ബൂംറയും ഷമിയും ആര്‍ച്ചറും ഇത്തവണ പേസ് ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പര്‍പ്പിള്‍ ക്യാപ് ഉടമ കഗിസോ റബാദക്ക് നെഹ്റ ടീമില്‍ ഇടം നല്‍കിയില്ല. ട്രന്റ് ബോള്‍ട്ടിനെയും അദ്ദേഹം പരിഗണിച്ചില്ല.

You Might Also Like