നാലാം ടെസ്റ്റില്‍ രോഹിത്തിന് മാന്‍ ഓഫ് ദ മാച്ച് നല്‍കിയ സംഭവം, പ്രതികരിച്ച് താക്കൂര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് മാന്‍ ഓഫ് ദി മാച്ച് നല്‍കിയ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഷാര്‍ദുല്‍ താക്കൂറിനാണ് മാന്‍ ഓഫ് ദ മാച്ച പുരസ്‌കാരം അര്‍ഹതപ്പെട്ടതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം പറഞ്ഞിരുന്നു. മത്സരശേഷം രോഹിത്തും ഇക്കാര്യം സമ്മാനിച്ചിരുന്നു.

ഇന്ത്യ 157 റണ്‍സിന് വിജയിച്ച മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 36 പന്തില്‍ 57 റണ്‍സ് നേടിയ താക്കൂര്‍ രണ്ടാം ഇന്നിങ്‌സില്‍ 72 പന്തില്‍ 60 റണ്‍സും നേടി. മൂന്ന് വിക്കറ്റും മത്സരത്തില്‍ താക്കൂര്‍ നേടിയിരുന്നു. ഇപ്പോള്‍ ആ സംഭവത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താക്കൂര്‍.

‘മാന്‍ ഓഫ് ദി മാച്ചിന് ഞാന്‍ അര്‍ഹനായിരുന്നുവെന്ന് ആളുകള്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ഇത്തരം അവാര്‍ഡുകളുടെ കാര്യത്തില്‍ ഞാന്‍ ഒട്ടും ഭാഗ്യവാനല്ല. ഈ ഇക്കുറി രോഹിത് ശര്‍മ്മ ഈ അവാര്‍ഡ് നേടിയതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സെഞ്ച്വറിയും ഞങ്ങള്‍ക്ക് ഒരുപോലെ പ്രധാനപ്പെട്ടതായിരുന്നു. ‘ താക്കൂര്‍ പറഞ്ഞു.

‘അത് രോഹിത് ശര്‍മ്മയുടെ ആദ്യ ഓവര്‍സീസ് സെഞ്ചുറിയായിരുന്നു, അത് നേടിയതാകട്ടെ ബാറ്റിങ് ദുഷ്‌കരമായ ഇംഗ്ലണ്ടിലും. എന്നിട്ടും എന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ഞാനായിരുന്നു യഥാര്‍ത്ഥത്തില്‍ മാന്‍ ഓഫ് ദി മാച്ച് അര്‍ഹിച്ചിരുന്നതെന്നും അവന്‍ പറയുകയും ചെയ്തു. ‘ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ആദ്യ ഓവര്‍സീസ് ടെസ്റ്റ് സെഞ്ചുറിയായിരുന്നു മത്സരത്തില്‍ രോഹിത് ശര്‍മ്മ നേടിയത്. 256 പന്തില്‍ 127 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ്മ പുറത്തായത്. മാന്‍ ഓഫ് ദി മാച്ച് ലഭിച്ച ശേഷം ഈ അംഗീകാരത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ഹന്‍ ഷാര്‍ദുല്‍ താക്കൂര്‍ ആയിരുന്നുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു. നാല് മത്സരങ്ങളില്‍ 50 ന് മുകളില്‍ ശരാശരിയില്‍ 368 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹിറ്റ്മാന്‍ പരമ്പരയില്‍ കാഴ്ച്ചവെച്ചത്.

You Might Also Like