സര്‍പ്രൈസ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍, അകസറിയും ശ്രേയസിന്റേയും പകരക്കാരെ പ്രഖ്യാപിച്ച് ഡല്‍ഹി

കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന അക്സര്‍ പട്ടേലിനും പരിക്കേറ്റ് പുറത്തായ നായകന്‍ ശ്രേയസ് അയ്യര്‍ക്കും പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. യുവതാരം ശാംസ് മുലാനിയെയാണ് അക്്‌സറിന്റെ പകരക്കാരനായി ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഇടംപിടിച്ചത്. കര്‍ണാടക ഓഫ് സ്പിന്നര്‍ അനിരുദ്ധ ജോഷിയാണ് ശ്രേയസിന്റെ പകരക്കാരനായി ടീമില്‍ സ്ഥാനമുറപ്പിച്ചത്.

ഐപിഎല്ലിലെ ആദ്യ കോവിഡ് 19 ബാക്കപ്പാണ് ശാംസ് മുലാനി. അക്സര്‍ പട്ടേല്‍ തിരികെ ടീമിനൊപ്പം ചേരുന്നത് വരെ ഹ്രസ്വകാലത്തേക്കാണ് ശാംസ് മുലാനി ഡല്‍ഹി ടീമിന്റെ ഭാഗമാകുക.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ തോളിനു പരുക്കേറ്റ് ചികിത്സയിലാണ് ശ്രേയസ് അയ്യര്‍. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റിഷഭ് പന്താണ് ഡല്‍ഹിയെ നയിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് അക്സര്‍ പട്ടേല്‍ കോവിഡ് പോസിറ്റീവായത്. നിലവില്‍ ചെറിയ രോഗലക്ഷണങ്ങളുള്ള അക്സര്‍ ബിസിസിഐയുടെ പരിചരണത്തിലാണ്. അക്സര്‍ കോവിഡ് ബാധിതനായി 12 ദിവസങ്ങള്‍ക്ക് ശേഷമാണ് മുലാനിയെ ഹ്രസ്വകാല പകരക്കാരനായി ടീമിലെടുക്കുന്നത്.

ഇടംകൈയന്‍ ബോളറും മധ്യനിര ബാറ്റ്സമാനുമായ ശാംസ് മുലാനി 25 ആഭ്യന്തര ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ബോളിങ്ങില്‍ 6.92 ഇക്കോണമി റേറ്റുള്ള ഈ 24 കാരന്റെ ടി20 യിലെ ഏറ്റവും വലിയ സ്‌കോര്‍ 73 റണ്‍സാണ്. ഐപിഎല്ലിന്റെ പ്ലെയര്‍ റെഗുലേഷന്‍ ആക്ട് 6.1 പ്രകാരമാണ് മുലാനിയെ ഹ്രസ്വകാല പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ടീമില്‍ നിന്നും ഇറങ്ങിയാല്‍ ഈ സീസണില്‍ മുലാനിക്ക് മറ്റൊരു ടീമിന്റെ ഭാഗമാകാന്‍ സാധിക്കില്ല.

ഇതേസമയം ശ്രേയസ് അയ്യരിനു പകരക്കാരനായി എത്തുന്ന അനിരുദ്ധ ജോഷി ഈ സീസണില്‍ പൂര്‍ണമായും ഡല്‍ഹിക്ക് വേണ്ടി കളിക്കും. മധ്യനിര ബാറ്റ്സമാനും ഓഫ് സ്പിന്നറുമായ അനിരുദ്ധ ജോഷി ഇതിനു മുന്‍പ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലും രാജസ്ഥാന്‍ റോയല്‌സിലുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന ജോഷി ഇതുവരെ 17 ലിസ്റ്റ് എ മത്സരങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

You Might Also Like