ഷമിയെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കില്ല, നിര്‍ണ്ണായക തീരുമാനം അറിയിച്ച് സെലക്ഷന്‍ കമ്മിറ്റി
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇനി മുതല്‍ ഇന്ത്യയുടെടി-20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം ബി.സി.സി.ഐ വൃത്തങ്ങളെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര ടി20യില്‍ ഏറെ നാളായി ഷമി ഇന്ത്യയ്ക്കായി കളിയ്ക്കുന്നില്ല. 2021 ടി20 ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ടി20 ജഴ്‌സി അണിഞ്ഞത്. ഇതോടെ ലോകകപ്പില്‍ ഷമി ഇന്ത്യയ്ക്കായി കളിയ്ക്കില്ലെന്ന് ഉറപ്പായി. എന്നാല്‍, ഏകദിനത്തിലും ടെസ്റ്റിലും ഷമി ഇന്ത്യന്‍ ടീമില്‍ തുടരും.
ടി-20 ഫോര്‍മാറ്റില്‍ യുവതാരങ്ങളെ പരിഗണിക്കാനാണ് സെലക്ടര്‍മാര്‍ താത്പര്യപ്പെടുന്നതെന്നും, അതേസമയം മുഹമ്മദ് ഷമിയെ ഏകദിനത്തിലും ടെസ്റ്റിലും നിലനിര്‍ത്താനാണ് തീരുമാനമെന്നും സെലക്ഷന്‍ കമ്മിറ്റി അംഗത്തെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഷമി ചെറുപ്പമാകുന്നില്ല, നമുക്കവനെ ടെസ്റ്റിലാണ് ഏറ്റവും ആവശ്യമായി വരുന്നത്. ഇക്കാരണത്താലാണ് അവനെ ടി-20 ഫോര്‍മാറ്റില്‍ പരിഗണിക്കാത്തത്. കഴിഞ്ഞ ടി-20 ലോകകപ്പിന് ശേഷം അവന്റെ വര്‍ക് ലോഡിനെ കുറിച്ച് ഷമിയോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇനിയും ഇപ്രകാരം തന്നെയാണ് മുന്നോട്ട് പോകുക. നിലവില്‍ ടി-20യില്‍ ഷമി ഞങ്ങളുടെ പരിഗണയില്‍ പോലുമില്ല. യുവതാരങ്ങളെയാണ് ടി-20യില്‍ ടീമിനാവശ്യം’ ബിസിസിഐ വൃത്തം പറഞ്ഞു.
ഷമിയുടെ അതേ അവസ്ഥ തന്നെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുമുള്ളത്. ഏകദിന ടീമില്‍ താരം ഉള്‍പ്പെടുമ്പോഴും ടെസ്റ്റിലോ ടി-20യിലോ ധവാനെ പരിഗണിക്കാറില്ല.