അർജന്റൈൻ താരം സെവിയ്യയുടെ രക്ഷകനായി, മൗറീന്യോയുടെ റോമയും യൂറോപ്പ ലീഗ് ഫൈനലിൽ

യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരങ്ങൾ അവസാനിച്ചപ്പോൾ ടൂർണമെന്റിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സ്‌പാനിഷ്‌ ക്ലബായ സെവിയ്യയും മൗറീന്യോ പരിശീലകനായ ഇറ്റാലിയൻ ക്ലബായ റോമയും ഫൈനലിൽ ഇടം നേടി. സെവിയ്യ ഇറ്റലിയിലെ വമ്പന്മാരായ യുവന്റസിനെയും റോമ ജർമൻ ക്ലബായ ബയേർ ലെവർകൂസനെയും മറികടന്നാണ് ഫൈനലിൽ ഇടം പിടിച്ചത്.

യുവന്റസിന്റെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ ഓരോ ഗോൾ നേടി രണ്ടു ടീമുകളും സമനില വഴങ്ങുകയായിരുന്നു. രണ്ടാം പാദത്തിൽ വ്ലാഹോവിച്ച് നേടിയ ഗോളിൽ ആദ്യപകുതിയിൽ യുവന്റസ് മുന്നിലെത്തിയെങ്കിലും പകരക്കാരനായിറങ്ങിയ അർജന്റൈൻ താരം എറിക് ലമേല മത്സരത്തെ മാറ്റിമറിച്ചു. എഴുപതാം മിനുട്ടിൽ ഇറങ്ങിയ താരം അതിനു പിന്നാലെ സമനില ഗോളിനായി അസിസ്റ്റ് നൽകിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈം അഞ്ചു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ലമേല സെവിയ്യയെ മുന്നിലെത്തിച്ച ഗോൾ നേടി. അതിനു ശേഷം ലീഡ് നിലനിർത്താൻ വേണ്ടി കഠിനമായ ശ്രമങ്ങളാണ് സെവിയ്യ നടത്തിയത്. അതിലവർ വിജയം നേടുകയും ചെയ്‌തു. എന്നാൽ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ്‌കാർഡും നേടി അർജന്റീന താരമായ അക്യൂന പുറത്തു പോയത് ഫൈനലിൽ സെവിയ്യക്ക് തിരിച്ചടിയാണ്.

അതേസമയം ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ വിജയത്തിൽ കടിച്ചു തൂങ്ങിയാണ് റോമ ഫൈനലിലേക്ക് മുന്നേറിയത്. ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ മൈതാനത്തു നടന്ന മത്സരത്തിൽ അവരെ ഒരു ഗോൾ പോലും നേടാൻ കഴിയാതെ പിടിച്ചു കെട്ടാൻ റോമക്ക് കഴിഞ്ഞു. തന്റെ പ്രതിരോധതന്ത്രങ്ങൾ ഒരിക്കൽക്കൂടി പോർച്ചുഗീസ് പരിശീലകൻ പുറത്തെടുക്കുന്നത് മത്സരത്തിൽ കണ്ടു.

കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം നേടിയ റോമക്ക് തുടർച്ചയായ രണ്ടാം വർഷവും യൂറോപ്യൻ കിരീടം നേടാനുള്ള സാധ്യതയാണ് ഇതോടെ വന്നിരിക്കുന്നത്. അതേസമയം യൂറോപ്പ ലീഗിൽ അപ്രമാദിത്വമുള്ള സെവിയ്യ അവർക്ക് വെല്ലുവിളി സൃഷ്ടിക്കും എന്നുറപ്പാണ്. രണ്ടു ടീമുകൾക്കും ചാമ്പ്യൻസ് ലീഗിലേക്ക് മുന്നേറാനുള്ള അവസരം കൂടിയാണ് യൂറോപ്പ ലീഗ് കിരീടം.

You Might Also Like