തോൽവിയെ തുറിച്ചു നോക്കി നിൽക്കുമ്പോൾ ഡിബാലയുടെ വണ്ടർഗോൾ, റോമയുടെ രക്ഷകനായി അർജന്റൈൻ താരം

തോൽവിയും പുറത്താകലും തുറിച്ചു നോക്കി നിൽക്കെ റോമയുടെ രക്ഷകനായി അർജന്റൈൻ താരം പൗലോ ഡിബാല. ഫെയനൂർദിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ റോമക്ക് സ്വന്തം മൈതാനത്ത് വിജയം കൂടിയേ തീരൂ എന്നിരിക്കെ എൺപത്തിയൊമ്പതാം മിനുട്ട് വരെയും ടീം പിന്നിലായിരുന്നു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഡിബാല നേടിയ ഗോൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റുന്നതായിരുന്നു.

വിജയം ആവശ്യമായിരുന്ന റോമ അറുപതാം മിനുട്ടിൽ സ്പിനോസോള നേടിയ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. അതിനു ശേഷം എൺപതാം മിനുട്ടിൽ ഫെയനൂർദ് ഗോൾ കണ്ടെത്തിയതോടെ റോമ തോൽവിയിലേക്ക് നീങ്ങുമെന്നാണ് ഏവരും കരുതിയത്. എന്നാൽ പകരക്കാരനായിറങ്ങിയ ഡിബാല കൃത്യസമയത്ത് ടീമിന് വേണ്ടി അവതരിച്ചു. അസാധ്യമായ ഒരു ഫിനിഷിംഗിലൂടെയാണ് ഡിബാല ടീമിനായി സമനില ഗോൾ നേടിയത്.

തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ എൽ ഷെറാവി, പെല്ലഗ്രിനി എന്നിവർ ഗോൾ കണ്ടെത്തിയതോടെ മത്സരത്തിൽ റോമ വിജയക്കൊടി പാറിച്ചു. നാല്പത്തിയേഴു മിനുട്ട് മാത്രം കളത്തിലുണ്ടായിരുന്ന ഡിബാല തന്നെയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ആറു ഷോട്ടുകൾ ഉതിർത്ത താരം അതിൽ മൂന്നെണ്ണവും ലക്ഷ്യത്തിലേക്കാണ് തൊടുത്തത്. ഒരു ഗോളിന് പുറമെ മൂന്നു കീ പാസുകളും ഒരു സുവർണാവസരവും താരം സൃഷ്‌ടിക്കുകയും ചെയ്‌തു.

മുൻ റയൽ മാഡ്രിഡ് താരമായ സാബി അലോൻസോയുടെ കീഴിൽ അവിശ്വസനീയ കുതിപ്പ് കാണിക്കുന്ന ബയേർ ലെവർകൂസനാണ് സെമിയിൽ റോമയുടെ എതിരാളികൾ. മൗറീന്യോ പരിശീലകനായ ഇറ്റാലിയൻ ക്ലബ് തുടർച്ചയായ രണ്ടാമത്തെ യൂറോപ്യൻ കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ പ്രഥമ കോൺഫറൻസ് ലീഗ് കിരീടം നേടിയത് റോമായാണ്. നിലവിൽ ലീഗിൽ ടീം നാലാം സ്ഥാനത്തും നിൽക്കുന്നു.

You Might Also Like