തുടർച്ചയായ മണ്ടത്തരങ്ങൾ, യൂറോപ്പ ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

ഈ സീസണിൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്പ ലീഗിൽ അടിപതറി മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. സെവിയ്യക്കെതിരെ നടന്ന രണ്ടാം പാദ മത്സരത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കാനുള്ള പ്രധാന കാരണം സ്വന്തം താരങ്ങൾ വരുത്തിയ വലിയ പിഴവുകൾ തന്നെയാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയുടെ മൈതാനത്ത് തോൽവി വഴങ്ങിയത്.

ആദ്യപാദ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടി നൽകിയത് സ്വന്തം താരങ്ങൾ നേടിയ സെൽഫ് ഗോളുകളാണ്. രണ്ടു ഗോളിന് ടീം മുന്നിലായിരുന്നെങ്കിലും അതിനു ശേഷം രണ്ടു സെൽഫ് ഗോളുകൾ വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു. സെവിയ്യയുടെ മൈതാനത്തു നടന്ന മത്സരത്തിലും സ്വന്തം ടീമിലെ താരങ്ങൾ വഴി രണ്ടു ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്.

ആദ്യത്തെ ഗോൾ എട്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത് ഡി ഗിയയും ഹാരി മഗ്വയറും വരുത്തിയ പിഴവിൽ നിന്നായിരുന്നു. മൂന്നു താരങ്ങൾ വളഞ്ഞിരിക്കുന്ന സമയത്ത് പാസ് നൽകാൻ ആവശ്യപ്പെട്ട മഗ്വയറും അത് നൽകിയ ഡി ഗിയയും ഒരുപോലെ ഇക്കാര്യത്തിൽ തെറ്റുകാരാണ്. പന്ത് ലഭിച്ച മഗ്വയർ അത് പാസ് നൽകാൻ ശ്രമിച്ചെങ്കിലും അതിനെ തടുത്ത സെവിയ്യ താരങ്ങൾ ഗോൾ നേടുകയായിരുന്നു.

അവസാന ഗോൾ ഡി ഗിയയുടെ മാത്രം പിഴവിൽ നിന്നാണുണ്ടായത്. ഉയർന്നു വന്ന പന്ത് കാലിലൊതുക്കാൻ താരത്തിന് കഴിയാതെ വന്നപ്പോൾ അത് പോയത് സെവിയ്യ താരം നെസിരിയുടെ കാലിലേക്കാണ്. ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് അത് ഷോട്ടുതിർത്ത് താരം ഗോൾ നേടി. പന്തടക്കത്തിന്റെ കാര്യത്തിൽ താൻ വളരെ മോശമാണെന്ന് ഡി ഗിയ വീണ്ടും തെളിയിച്ച അവസരം കൂടിയായിരുന്നു അത്.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഈ സീസണിൽ ഒരു കിരീടം കൂടി നേടാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾ ഇല്ലാതായി. അതേസമയം യൂറോപ്പ ലീഗിൽ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി തെളിയിക്കാൻ സെവിയ്യക്ക് കഴിഞ്ഞു. ലീഗിൽ പതിമൂന്നാം സ്ഥാനത്തുള്ള ടീമിന് സെമിയിൽ യുവന്റസാണ് എതിരാളി.

You Might Also Like