ഹാഫ്‌വേ ലൈനിൽ നിന്നുമൊരു വണ്ടർസ്ട്രൈക്ക്, ആഴ്‌സണലിന്റെ മോഹങ്ങളവസാനിപ്പിച്ച അത്ഭുതഗോളിനു കയ്യടി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നേടാൻ കുതിച്ചു കൊണ്ടിരിക്കുന്ന ആഴ്‌സണലിനു പക്ഷെ കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ നിരാശയായിരുന്നു ഫലം. യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടു പാദങ്ങളിലുമായി സമനില വഴങ്ങിയ ആഴ്‌സണൽ ഷൂട്ടൗട്ടിൽ സ്പോർട്ടിങ് ക്ലബിനോട് കീഴടങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായി. ഇതോടെ സീസണിൽ പ്രീമിയർ ലീഗ് കിരീടം മാത്രമേ ആഴ്‌സണലിന് പ്രതീക്ഷയുള്ളൂ.

സ്പോർട്ടിങ്ങിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതോടെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആഴ്‌സണൽ. ഇന്നലെ നടന്ന മത്സരത്തിൽ മുന്നിലെത്തിയെങ്കിലും പിന്നീട് സമനില വഴങ്ങിയാണ് ആഴ്‌സണൽ ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയത്.

അതേസമയം ആഴ്‌സണലിനെതിരെ സമനില നേടിയ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. പോർച്ചുഗീസ് താരമായ പെഡ്രോ ഗോൻകാൽവസ് ഹാഫ്‌വേ ലൈനിൽ നിന്നുമുള്ള ഷോട്ടിലൂടെയാണ് ഗോൾ നേടിയത്. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച കീപ്പർമാരിൽ ഒരാളായ റാംസ്‌ഡെലിനെയാണ് താരം തന്റെ പെർഫെക്റ്റ് ഷോട്ടിലൂടെ പരാജയപ്പെടുത്തിയത്.

ഹാഫ്‌വേ ലൈനിൽ വെച്ച് പൗലിന്യോ നൽകിയ പന്ത് സ്വീകരിച്ച ഗോൺകാലസ് അതുമായി ആഴ്‌സനലിന്റെ ഹാഫിലേക്ക് ഒന്ന് മുന്നേറിയതിനു ശേഷം നേരിട്ട് ഷൂട്ട് എടുത്തു. ആഴ്‌സണൽ ഗോൾകീപ്പർ മുന്നോട്ടു കയറി നിൽക്കുന്നത് മുതലെടുക്കാനുള്ള താരത്തിന്റെ ശ്രമം കൃത്യമായി വിജയിച്ചു. ആരോൺ പരമാവധി ശ്രമിച്ചെങ്കിലും ബാറിനടുത്തുകൂടി പന്ത് വലയിലേക്ക് കൃത്യമായി വീണു.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഈ സീസനിലിനി പ്രീമിയർ ലീഗ് കിരീടം മാത്രമേ ആഴ്‌സണലിന് പ്രതീക്ഷയുള്ളൂ. അതിൽ തന്നെ അഞ്ചു പോയിന്റ് മാത്രം പിന്നിലുള്ള മാഞ്ചസ്റ്റർ സിറ്റി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ യൂറോപ്പയിൽ നിന്നും പുറത്തായതോടെ ആഴ്‌സണലിന് പ്രീമിയർ ലീഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

You Might Also Like