സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് കോഹ്ലി ഈ ലോകകപ്പില്‍ മറികടക്കും, വമ്പന്‍ പ്രവചനവുമായി റിക്കി പോണ്ടിംഗ്

ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോര്‍ഡ് വിരാട് കോഹ്ലി മറികടക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 85 റണ്‍സ് വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് റിക്കി പോണ്ടിങ്ങിന്റെ പ്രസ്താവന. ഇതുവരെ ഏകദിന ക്രിക്കറ്റില്‍ 47 സെഞ്ചുറികളാണ് വിരാട് കോഹ്ലി തന്റെ പേരില്‍ ചേര്‍ത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള സച്ചിനെ മറികടക്കാനുള്ള വലിയ അവസരമാണ് വിരാട് കോഹ്ലിക്ക് മുന്‍പിലുള്ളത്. ഇത്തവണത്തെ ലോകകപ്പിലൂടെ കോഹ്ലിയ്ക്കതിന് സാധിക്കുമെന്നാണ് പോണ്ടിംഗ് വിശ്വസിക്കുന്നത്.

ഇത്തവണത്തെ ലോകകപ്പിലൂടെ കോഹ്ലിക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കും എന്നാണ് താന്‍ കരുതുന്നത് എന്ന് പോണ്ടിംഗ് പറയുന്നു. എന്തായാലും ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ കോഹ്ലിക്ക് സാധിക്കുമെന്നും പോണ്ടിംഗ് പറയുന്നു. എന്നാല്‍ ലോകകപ്പില്‍ മൂന്നാമതൊരു സെഞ്ച്വറി കോഹ്ലിക്ക് നേടാന്‍ സാധിക്കുമോ എന്നതാണ് പ്രധാന കാര്യമെന്നും പോണ്ടിംഗ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ വിക്കറ്റുകളും മൈതാനങ്ങളുമൊക്കെ ഒരുപാട് റണ്‍സ് നേടാന്‍ സാധിക്കുന്നതാണ് എന്ന് പോണ്ടിംഗ് പറഞ്ഞു. ഒരുപക്ഷേ വിരാട് കോഹ്ലിയുടെ അവസാന ലോകകപ്പായി ഇത് മാറാമെന്നും, അതിനാല്‍ ആ മനോഭാവത്തോടെ കോഹ്ലി ഈ ലോകകപ്പില്‍ കളിക്കുമെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. നിലവില്‍ വിരാട് കോഹ്ലി നല്ല ഫോമിലാണുള്ളതെന്നും റണ്‍സിനായി അയാള്‍ ദാഹത്തോടെ നില്‍ക്കുകയാണെന്നും പോണ്ടിംഗ് വിശദീകരിക്കുന്നു.

എല്ലായിപ്പോഴും വിരാട് കോഹ്ലി ഒരു വിജയ താരമാണ് എന്ന് പോണ്ടിംഗ് പറയുന്നു. തന്റെ ടീമിനായും വ്യക്തിപരമായും വിജയങ്ങള്‍ നേടുക എന്നതാണ് വിരാട് കോഹ്ലിയുടെ ലക്ഷ്യം എന്നാണ് പോണ്ടിംഗ് കരുതുന്നത്. ഈ ലോകകപ്പിന് അവസാനം വിരാട് കോഹ്ലിക്ക് സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നതായി പോണ്ടിംഗ് ആവര്‍ത്തിച്ചു. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചില്ലെങ്കിലും അതിനൊപ്പമെങ്കിലും എത്താന്‍ കോഹ്ലിക്ക് സാധിക്കുമെന്നാണ് പോണ്ടിംഗ് കരുതുന്നത്. ഇതുവരെ 282 ഏകദിനങ്ങളില്‍ നിന്നാണ് വിരാട് കോഹ്ലി 47 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ളത്.

സച്ചിന്‍ 463 ഏകദിനങ്ങളില്‍ നിന്നായിരുന്നു 49 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറില്‍ 18,426 റണ്‍സാണ് ഈ ഇതിഹാസം നേടിയത്. ഒരു സമയത്ത് വിരാട് കോഹ്ലി സച്ചിന്റെ ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് കരുതിയെങ്കിലും ഫോമിലുണ്ടായ പ്രശ്നങ്ങള്‍ കോഹ്ലിയെ ബാധിക്കുകയായിരുന്നു. എന്തായാലും 2023 ഏകദിന ലോകകപ്പില്‍ മികച്ച തുടക്കമാണ് കോഹ്ലിക്ക് ലഭിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും ഇത്തരം പ്രകടനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇതുപോലെ പല റെക്കോര്‍ഡുകളും കോഹ്ലിയ്ക്ക് സ്വന്തം പേരില്‍ ചേര്‍ക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.

You Might Also Like