സൗദി അറേബ്യയോടുള്ള മത്സരത്തിനു ശേഷമെന്ന പോലെ തിരിച്ചു വരണം, താരങ്ങൾക്ക് സ്‌കലോണിയുടെ സന്ദേശം | Argentina

ഖത്തർ ലോകകപ്പ് നേടിയതിനു ശേഷം വമ്പൻ ഫോമിലായിരുന്നു അർജന്റീനയെ ഞെട്ടിച്ചാണ് കഴിഞ്ഞ മത്സരത്തിൽ യുറുഗ്വായ് വിജയം നേടിയത്. അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസ നയിച്ച യുറുഗ്വായ് ടീം കടുത്ത പ്രെസിങ് കൊണ്ട് അർജന്റീനയെ വലച്ചപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അവർ സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിന് ശേഷമുള്ള അർജന്റീന ടീമിന്റെ ആദ്യത്തെ തോൽവി കൂടിയായിരുന്നു ആ മത്സരം.

തുടർച്ചയായി പതിനഞ്ചു മത്സരങ്ങൾ വിജയിച്ച അർജന്റീനക്ക് അപ്രതീക്ഷിതമായ ആഘാതമാണ് ആ തോൽവി സമ്മാനിച്ചത്. എന്നെങ്കിലും അർജന്റീന തോൽക്കുമെന്ന് അറിയാമായിരുന്നുവെന്നും അത് ഇന്ന് സംഭവിച്ചു എന്നുമാണ് മെസി മത്സരത്തിന് ശേഷം പറഞ്ഞതെങ്കിലും യാഥാർഥ്യം അതിൽ നിന്നും അകലെയാണ്. അർജന്റീന ടീമിലെ താരങ്ങളെ അത് വളരെയധികം ബാധിച്ചുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അർജന്റീന ടീമിലെ താരങ്ങൾ തോൽ‌വിയിൽ വളരെയധികം നിരാശരാണെന്നതിനാൽ പരിശീലകൻ ലയണൽ സ്‌കലോണി ടീമിലെ താരങ്ങൾക്ക് സന്ദേശം നൽകിയിട്ടുണ്ട്. ഈ തോൽ‌വിയിൽ നിന്നും ശക്തമായ തിരിച്ചുവരവ് ടീം നടത്തണമെന്നാണ് സ്‌കലോണി ആവശ്യപ്പെട്ടത്. ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം അർജന്റീന ശക്തമായി തിരിച്ചു വന്നതു പോലെ ഈ തോൽ‌വിയിൽ നിന്നും തിരിച്ചു വരാനാണ് സ്‌കലോണി ആവശ്യപ്പെട്ടത്.

അടുത്ത മത്സരത്തിൽ ബ്രസീലാണ് എതിരാളികളെന്നതിനാൽ അർജന്റീനയെ സംബന്ധിച്ച് മത്സരം കടുപ്പം തന്നെയാണ്. ബ്രസീലിന്റെ മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നതും. നിലവിൽ തോൽവിയുടെ നിരാശയിൽ നിൽക്കുന്ന ടീമിന് അടുത്ത മത്സരത്തിൽ വിജയം ലഭിച്ചാൽ മാത്രമേ കോപ്പ അമേരിക്കക്ക് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയൂ. അതേസമയം കഴിഞ്ഞ മൂന്നു മത്സരത്തിലും വിജയിക്കാൻ കഴിയാത്ത ബ്രസീലിനും വിജയമാണ് ആവശ്യം.

You Might Also Like