സ്‌കലോണി സ്ഥാനമൊഴിയുകയാണോ, ആ ചിത്രം നൽകുന്ന സൂചനയെന്താണ്

ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരം സംഭവബഹുലമായ ഒന്നായിരുന്നെങ്കിലും മത്സരത്തിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കി. അർജന്റൈൻ കാണികളെ ബ്രസീലിയൻ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ നിക്കോളാസ് ഓട്ടമെൻഡി നേടിയ ഗോളിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിലെ വിജയത്തിലും അർജന്റീന ആരാധകർക്ക് സന്തോഷിക്കാൻ വകയില്ലായിരുന്നു.

മത്സരത്തിന് ശേഷം ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി നടത്തിയ പ്രതികരണമാണ് ആരാധകർക്ക് വലിയ ആശങ്ക നൽകിയത്. അർജന്റീന ടീമിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ദേശീയ ടീമിന് കുറച്ചുകൂടി ഊർജ്ജസ്വലനായ ഒരു പരിശീലകനെ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാൻ പോവുകയാണെന്ന രീതിയിലുള്ള ഈ പ്രതികരണം വലിയ ആശങ്കയാണ് ആരാധകരിൽ ഉണ്ടാക്കിയത്.

അതിനു പുറമെ തന്റെ കോച്ചിങ് സ്റ്റാഫുകളോട് അവസാനത്തെ ഫോട്ടോ എടുക്കാമെന്ന് സ്‌കലോണി പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിനു പിന്നാലെ എല്ലാ കോച്ചിങ് സ്റ്റാഫിന്റെയും കൂടെ നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ ആരാധകരിൽ കൂടുതൽ ആശങ്കയുണ്ടായി. എന്നാൽ സ്‌കലോണി എന്താണ് ചെയ്യുന്നതെന്ന് അർജന്റീനയിലെ താരങ്ങൾക്കൊന്നും യാതൊരു രൂപവുമില്ലായിരുന്നു.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്‌കലോണിക്ക് അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ആരുമായോ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അർജന്റീന താരങ്ങളും അദ്ദേഹത്തിന് ചില വിഷയങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ പ്രതിഷേധമാണ് സ്‌കലോണി കാണിച്ചത്. എന്നാൽ ആരോടാണ് സ്‌കലോണി തന്റെ പ്രതിഷേധം അറിയിക്കാൻ ശ്രമിച്ചതെന്ന് കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അതേസമയം ഈ പ്രശ്‌നങ്ങൾ ഉടനെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനു വേണ്ടിയുള്ള ഇടപെടലുകൾ അർജന്റീന ഫുട്ബോൾ ഫെഡറേഷനിൽ ഉള്ളവർ നടത്തുമെന്നും ആരാധകർ അതിനു വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും സംശയമില്ല. അർജന്റീനക്ക് സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി നൽകിയ അദ്ദേഹത്തെ സ്ഥാനമൊഴിയാൻ ആരാധകർ സമ്മതിക്കില്ല.

You Might Also Like