മെസിയെയും റൊണാൾഡോയെയും ഒരുമിച്ച് കളിപ്പിക്കണം, അർജന്റീന താരത്തെ റാഞ്ചാൻ പുതിയ പദ്ധതിയുമായി സൗദി അറേബ്യ

ലയണൽ മെസി പിഎസ്‌ജി വിടുമെന്ന് ഉറപ്പിച്ച സമയത്തു തന്നെ താരത്തെ റാഞ്ചാൻ സജീവമായ ശ്രമങ്ങൾ സൗദി അറേബ്യ നടത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകുന്നതിന്റെ ഇരട്ടി ശമ്പളം അർജന്റീന താരത്തിന് സൗദി അറേബ്യ വാഗ്‌ദാനം ചെയ്‌തെങ്കിലും ലയണൽ മെസി ഓഫർ തള്ളിക്കളഞ്ഞിരുന്നു. ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്നാണ് താരം ആഗ്രഹിച്ചതെങ്കിലും അതിനു കഴിയാതിരുന്നതിനാൽ അമേരിക്ക ക്ലബായ ഇന്റർ മിയാമിയിലേക്ക് മെസി ചേക്കേറി.

മെസി ഒരിക്കൽ തഴഞ്ഞെങ്കിലും താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ സൗദി അറേബ്യ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാർക്കയെ അടിസ്ഥാനമാക്കി സ്കൈ സ്പോർട്ട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലയണൽ മെസിയെ ആറു മാസത്തെ ലോൺ കരാറിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. ഇന്റർ മിയാമിയുടെ ഈ സീസൺ അവസാനിച്ചതിനെ തുടർന്നാണ് സൗദി പുതിയ നീക്കവുമായി രംഗത്തു വന്നിരിക്കുന്നത്.

ലയണൽ മെസി വന്നതിനു ശേഷം മികച്ച പ്രകടനമാണ് ഇന്റർ മിയാമി നടത്തിയിരുന്നത്. ഒരു കിരീടവും അവർ സ്വന്തമാക്കി. എന്നാൽ മെസി വരുന്നതിനു മുൻപുള്ള അവരുടെ മോശം പ്രകടനവും സീസണിലെ നിർണായക ഘട്ടത്തിൽ താരം പരിക്കേറ്റു പുറത്തു പോയതുമെല്ലാം അവർ എംഎൽഎസ് പ്ലേ ഓഫിൽ നിന്നും പുറത്തു പോകാൻ കാരണമായി. അതുകൊണ്ടു തന്നെ ഇനി ക്ലബ് തലത്തിൽ ലയണൽ മെസി ഒരു മത്സരം കളിക്കാൻ അടുത്ത ഫെബ്രുവരിയിൽ അടുത്ത സീസൺ ആരംഭിക്കണം.

ലയണൽ മെസിയെപ്പോലൊരു താരം ഇത്രയും കാലം മൈതാനത്തിനു വെളിയിൽ ഇരിക്കുന്ന സാഹചര്യം മുതലെടുത്ത് താരത്തെ സൗദി ലീഗിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കേണ്ടത് ലയണൽ മെസി തന്നെയാണ്. നേരത്തെ സൗദി അറേബ്യയുടെ ഓഫർ തഴഞ്ഞ മെസി ഈ ഓഫർ സ്വീകരിക്കാനും സാധ്യതയില്ലെങ്കിലും അവരുടെ പണക്കൊഴുപ്പിൽ വീഴുമോയെന്ന കണ്ടറിയേണ്ട കാര്യമാണ്.

You Might Also Like