മെസിയെ വിടാൻ സൗദി അറേബ്യ ഒരുക്കമല്ല, എണ്ണൂറു മില്യൺ ഡോളറിന്റെ പുതിയ പദ്ധതി വരുന്നു

ആധുനിക ഫുട്ബോളിൽ സൗദി അറേബ്യ ഒരു വിപ്ലവം തന്നെയാണ് ഒരു വർഷമായി നടത്തുന്നത്. വമ്പൻ തുക മുടക്കി യൂറോപ്പിലെ നിരവധി താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്റ്റ്യാനൊ റൊണാൾഡോ അടക്കമുള്ള നിരവധി താരങ്ങൾ ഇപ്പോൾ സൗദിയിലാണ്. ലയണൽ മെസിയെ സ്വന്തമാക്കാനും സൗദി അറേബ്യ ശ്രമം നടത്തിയിരുന്നു.

ലയണൽ മെസിക്കായി സൗദി അറബ്യൻ ക്ലബായ അൽ ഹിലാലാണ് ശ്രമം നടത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക താരത്തിനായി അൽ ഹിലാൽ പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തെങ്കിലും ലയണൽ മെസി അത് വേണ്ടെന്നു വെക്കുകയായിരുന്നു. തന്റെ കുടുംബത്തിന്റെ കൂടി താൽപര്യം പരിഗണിച്ച് താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറി.

എന്നാൽ ലയണൽ മെസിയെ കൂടെ നിർത്തുകയെന്നത് സൗദി അറേബ്യയുടെ ആവശ്യമാണ്. സൗദി ടൂറിസം അംബാസിഡറായി നിയമിക്കപ്പെട്ട ലയണൽ മെസിയെ വെച്ച് വലിയ പദ്ധതിയാണ് അവർ തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യയിൽ ടൂറിസം വളർത്താനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസം ഹബ് ആക്കുന്നതിനും എണ്ണൂറു മില്യൺ ഡോളർ ചെലവഴിക്കാനാണ് അവർ ഒരുങ്ങുന്നത്.

രാജ്യത്തെ ടൂറിസം ഹബ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുടെ മുഖമായി അവർ കണക്കാക്കുന്നത് ലയണൽ മെസിയെയാണ്. 2023ലാണ് ലയണൽ മെസിയെ ടൂറിസം അംബാസിഡറായി സൗദി നിയമിച്ചത്. 2026 വരെ താരവുമായി അവർക്ക് കരാറുണ്ട്. അതിനു ശേഷം അത് പുതുക്കാൻ തന്നെയുള്ള പദ്ധതിയാണ് സൗദി അറേബ്യക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like