യൂറോപ്പിനെ വിറപ്പിച്ച് സൗദിയുടെ കുതിപ്പ്, റൊണാൾഡോ പറഞ്ഞത് യാഥാർത്ഥ്യമാകുന്നു

ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയപ്പോൾ വമ്പൻ താരങ്ങളുടെ സൗദിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം റൊണാൾഡോ ഇത് സംബന്ധിച്ച് വലിയൊരു സൂചന നൽകിയിരുന്നു. സൗദി അറേബ്യ കൃത്യമായ പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നതെന്നും ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിലൊന്നാവാൻ അവർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അന്നതിനെ പലരും നിസാരമായി കണ്ടെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിന്റെ ഏറ്റവും ഉയർന്ന രൂപം കാണുകയാണ് ഫുട്ബോൾ ആരാധകർ. യൂറോപ്യൻ ഫുട്ബോളിനെ പണക്കൊഴുപ്പു കൊണ്ട് മറികടക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾ വിജയകരമായി മുന്നോട്ടു പോവുകയാണ്. ഇപ്പോൾ തന്നെ യൂറോപ്യൻ ഫുട്ബോളിൽ നിന്നും നിരവധി വമ്പൻ താരങ്ങളാണ് സൗദി ക്ലബുകളിലേക്ക് ചേക്കേറിയിരിക്കുന്നത്. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, മാനെ, ഫിർമിനോ, ഹെൻഡേഴ്‌സൺ, കാന്റെ, മെൻഡി തുടങ്ങിയവർ അതിലുൾപ്പെടുന്നു.

ന്യൂകാസിൽ യുണൈറ്റഡിന്റെ സ്വന്തമാക്കി വലിയ തുക വീശിയെറിഞ്ഞ് അവരെ ടോപ് ഫോറിലെത്തിച്ച സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്തെ നാല് പ്രധാന ക്ളബുകളെ തങ്ങളുടെ കീഴിലാക്കിയത് അതിനിടയിലാണ്. ചുരുക്കിപ്പറഞ്ഞാൽ വമ്പൻ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്ന ക്ലബുകളെല്ലാം സൗദി ഗവണ്മെന്റിന്റെ കീഴിലാണ്. സൗദി പ്രൊ ലീഗിന്റെ പദ്ധതിയല്ല, മറിച്ച് ഗവണ്മെന്റ് തന്നെയാണ് ഈ താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതെന്ന് വ്യക്തം.

നിരവധി താരങ്ങളെ ഇപ്പോൾ തന്നെ ടീമിലെത്തിച്ച സൗദി അറേബ്യ പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിലും ഇതാവർത്തിച്ചാൽ യൂറോപ്യൻ ഫുട്ബോളിന്റെ അടിത്തറക്ക് അത് ഇളക്കം നൽകുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ഇത്രയും താരങ്ങൾ വിവിധ ക്ളബുകളിലേക്ക് ചേക്കേറിയതിനാൽ സൗദി പ്രൊ ലീഗ് യൂറോപ്പിലെ പല ലീഗുകളെക്കാൾ മത്സരം നിറഞ്ഞതായിട്ടുണ്ട്. സൗദി പ്രൊ ലീഗിന് കൂടുതൽ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

You Might Also Like