ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ സൗന്ദര്യ റാണി, ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ഗില്‍ക്രിസ്റ്റ് വിശേഷിപ്പിച്ച താരം

ധനേഷ് ദാമോദരന്‍

ഡാനി ഹെസലിന്റെ പന്ത് ഓസീസ് താരം ജോഡി ഫീല്‍ഡ്‌സ് റിവേഴ്‌സ് സ്വീപ്പ് ചെയ്യുമ്പോള്‍ ഒരാളുടെയും ചിന്തയില്‍ പോലും അസാധ്യമായ വിധത്തിലാണ് സുന്ദരിയായ ആ വിക്കറ്റ് കീപ്പര്‍ അപാരമായ ആന്റിസിപ്പിഷനിലൂടെ ക്യാച്ച് ഒറ്റക്കൈയില്‍ ഒതുക്കിയത്. ഒരു പുരുഷ വിക്കറ്റ് കീപ്പര്‍ക്കു പോലും അസാധ്യമായ റിഫ്‌ളക്ഷന്‍ അതിനെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരു ക്യാച്ച് ആക്കി മാറ്റിയപ്പോള്‍ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡും കാണികളും താരങ്ങളും ബാറ്റ്‌സ്മാനും തരിച്ചു നില്‍ക്കുകയായിരുന്നു .

വെറുതെയല്ല 2006 മുതല്‍ 13 വര്‍ഷത്തെ കരിയറില്‍ തന്നിലൂടെ ലോക വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങള്‍ നല്‍കിയ ഇംഗ്ലീഷ് സുന്ദരി സാറ ടെയ്‌ലറെ പുരുഷ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന്‌സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റ് പോലും വിശേഷിപ്പിച്ചത് .

കഴിവും തനതായ ശൈലിയും കൊണ്ട് വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് കൊണ്ടു സാറ വനിതാ ക്രിക്കറ്റിന്റെ മുഖവും ശബ്ദവുമായിരുന്നു . വനിതാ ക്രിക്കറ്റില്‍ പ്രൊഫഷനലിസം കൊണ്ടുവന്നതും സാറയുടെ സംഭാവനയാണ് .

മറ്റുള്ളവരില്‍നിന്നും വ്യത്യസ്തതമായി സ്പീഡ് ഗ്‌ളൗ വര്‍ക്കുകള്‍ , ലെഗ് സൈഡില്‍ വരുന്ന പന്തുകളില്‍ മറ്റാര്‍ക്കും സാധിക്കാത്ത തരത്തില്‍ സ്റ്റംപ് ചെയ്യല്‍ , ഫാസ്റ്റ് ബൗളര്‍മാര്‍ എറിയുമ്പോഴും സ്റ്റംപിന് തൊട്ടടുത്ത് നില്‍ക്കുന്ന ട്രേഡ് മാര്‍ക്ക് സ്റ്റാന്‍ഡ്, റിഫ്‌ലക്‌സ് ക്യാച്ചുകള്‍ ,അസാമാന്യ റണ്ണൗട്ടുകള്‍ ,ബാറ്റ്‌സ്മാന്‍ ഒരു നിമിഷം ക്രീസിനു വെളിയിലാകുമ്പോഴേക്കും പ്രതികരിക്കുന്ന കഴുകന്‍ കണ്ണുകള്‍, ബാറ്റിങ്ങിലാണെങ്കില്‍ നിരന്തരമായ റിവേഴ്‌സ് സ്വീപ്പുകള്‍ ,ഫ്‌ളിക് ഷോട്ടുകള്‍ ,സ്‌ട്രേറ്റ് ബൗണ്ടറിയിലേക്കുതിര്‍ക്കുന്ന തകര്‍പ്പന്‍ ഷോട്ടുകള്‍

തന്റെ കയ്യില്‍ പന്തെത്തിക്കഴിഞ്ഞാല്‍ ബാറ്റ്‌സ്മാന്‍ പുറത്താകുമെന്ന് അവരെ തോന്നിപ്പിക്കാന്‍ കഴിയുന്ന മാനസിക ആധിപത്യം സാറക്ക് കരിയറിലുടനീളം നല്‍കിയെന്ന് അവകാശപ്പെടാം .

ബ്രൈറ്റണ്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഫുട്‌ബോള്‍ പ്രേമം തലയ്ക്കു കയറിയ സാറയുടെ ക്രിക്കറ്റ് മിടുക്ക് കോളേജില്‍ വന്ന ഒരു ക്രിക്കറ്റ് കോച്ച് കണ്ടെത്തിയതോടെയാണ് സാറയുടെ കരിയറില്‍ ഒരു വഴിത്തിരിവ് സംഭവിക്കുന്നത് . 2005 ല്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുന്‍പ് ഹോളി കോവിനൊപ്പം 16കാരിയായ സാറയ്ക്കും ബ്രൈറ്റണ്‍ കോളേജിന്റ പുരുഷ ടീമിന്റെ ഫസ്റ്റ് ഇലവനില്‍ സ്ഥാനം നല്‍കിയത് വലിയ ചര്‍ച്ചയായി .എതിര്‍ത്തും പിന്തുണച്ചും .കൃത്യം 10 വര്‍ഷം കഴിഞ്ഞ് സാറ ആസ്‌ട്രേലിയയില്‍ മെന്‍സ് ഗ്രേഡ് ക്രിക്കറ്റില്‍ പുരുഷ ടീമിനു വേണ്ടി കളിച്ച ആദ്യ വനിതയായപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചത് യാദൃശ്ചികം മാത്രം .

2006 ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ സാറയ്ക്ക് പ്രായം വെറും 17 ആയിരുന്നു . 4 ആമത്തെ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ 61 റണ്‍സുമായി തുടങ്ങിയ അവര്‍ വൈകാതെ ആസ്‌ട്രേലിയക്കെതിരെ തന്റെ കന്നി സെഞ്ചുറി കണ്ടെത്തി. രണ്ടുവര്‍ഷത്തിനുശേഷം ടോണ്ടനില്‍ ഇന്ത്യക്കെതിരായ മാച്ചില്‍ പുറത്താകാതെ 75 റണ്‍സ് നേടി ടീമിന് 10 വിക്കറ്റ് ജയം നേടിക്കൊടുത്ത ഇന്നിംഗ്‌സില്‍ സ്വന്തം സ്‌കോര്‍ 16 ലെത്തിയപ്പോള്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ച പ്രായം കുറഞ്ഞ വനിതാ ക്രിക്കറ്റര്‍ ആയി സാറ ചരിത്രമെഴുതി . 7 ഫോറുകളും 1 സിക്‌സറും സാറ നേടിയപ്പോള്‍ ഇന്ത്യ നേടിയ 102 റണ്‍സ് ഓസീസ് 24.3 ഓവറില്‍ മറികടന്നു. സഹ ഓപ്പണര്‍ കരോളിന്‍ ആറ്റ്കിന്‍ 24 റണ്‍സുമായി ഒരുഭാഗത്ത് നങ്കൂരമിട്ടു കളിച്ചു .

2008 സാറയുടെ കരിയറിലെ സുവര്‍ണ്ണ വര്‍ഷമായിരുന്നു .ഇംഗ്‌ളണ്ട് ആഷസ് ആര്‍ട്‌സ് നിലനിര്‍ത്തി. സൗത്ത് ആഫ്രിക്കെതിരായ രണ്ടാം ഏകദിനത്തില്‍ ലോഡ്‌സില്‍ ടീം 3 വിക്കറ്റിന് 310 റണ്‍സ് നേടിയപ്പോള്‍ 133 പന്തില്‍ 9 ഫോറുകളും 1 സിക്‌സറുമടക്കം 129 റണ്‍സടിച്ച സാറ 155 പന്തില്‍ 12 ഫോറുകളടക്കം 145 റണ്‍ നേടിയ കരോളിന്‍ അറ്റ്കിന്‍സിനൊപ്പം ഓപ്പണിങ്ങ് വിക്കറ്റില്‍ 268 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിച്ച മത്സരത്തില്‍ ഇംഗ്‌ളണ്ട് ജയിച്ചത് 225 റണ്‍സിനായിരുന്നു .

അടുത്തവര്‍ഷം നടന്ന 2009ഠ 20 ലോകകപ്പ് ഇംഗ്‌ളണ്ട് നേടിയപ്പോള്‍ സാറ നിര്‍ണായക സംഭാവനകള്‍ നല്‍കി ..അതേവര്‍ഷം ഓസീസിനെതിരെ 120 റണ്‍സ് അടിച്ചുകൂട്ടിയ സാറ 1973 ല്‍ എനിഡ് ബ്ലാക്ക് വെല്‍ കുറിച്ച് 118 റണ്‍സിന്റെ ഇംഗ്‌ളീഷ് റെക്കോര്‍ഡ് മറികടക്കുകയുണ്ടായി .

ഓരോ സീസണിലും മെച്ചപ്പെട്ടു വന്ന സാറ 2012ലും 2013ലും കഇഇ വുമെന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതി നേടിയതിനു പുറമെ തൊട്ടടുത്ത വര്‍ഷം കഇഇ ഏകദിന ക്രിക്കറ്റര്‍ കൂടിയായി തെരഞ്ഞെടുക്കപ്പെട്ടു .

സാറ ആകെ കരിയറില്‍ കളിച്ചത് 226 മത്സരങ്ങളില്‍ .അതില്‍ ആദ്യ 158 മത്സരങ്ങള്‍ പിന്നിടുന്ന സമയത്തും വനിതാ ക്രിക്കറ്റില്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ഇല്ലാത്ത കാലമായിരുന്നു .അവര്‍ക്ക് ബാറ്റിംഗ്, കീപ്പിങ്ങ് മികവുകള്‍ മെച്ചപ്പെടുത്തുവാന്‍ പ്രത്യേക കോച്ചിംഗ് പോലും കിട്ടിയിരുന്നില്ല. ജന്മസിദ്ധമായ വാസന മാത്രം മുതല്‍കൂട്ടി ഒറ്റക്ക് മുന്നേറിയ സാറ വനിതാ ക്രിക്കറ്റില്‍ വിപ്ലവങ്ങള്‍ക്ക് അരങ്ങൊരുക്കി .

2015ലെ സാറ ക്രിക്കറ്റ് ലോകത്ത് മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ആസ്‌ട്രേലിയയുടെ മെന്‍സ് ഗ്രേഡ് ക്രിക്കറ്റില്‍ 26കാരിയായ സാറ നോര്‍ത്തേണ്‍ ഡിസ്ട്രിക്കിന് വേണ്ടി പോര്‍ട്ട് അഡലെയ്ഡിനെതിരെ പാഡണിഞ്ഞത് മറ്റൊരു വിപ്‌ളവമായിരുന്നു .അന്ന് സാറ പറഞ്ഞത് ഞാന്‍ വെറും ഒരു സ്ത്രീയെന്നതിലുപരി ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നു എന്നാണ.

2016 ല്‍ മികച്ച ഫോമില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ട്രെസ് കോത്തിക് ,ട്രോട്ട് തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് കളിക്കാരെ ബാധിച്ച വിഷാദരോഗം സാറയേയും പിടി കൂടിയത് .ഇന്ത്യയോട് ഠ20 ലോകകപ്പില്‍ തോറ്റതിന് പുറമെ 5 മാച്ചില്‍ വെറും 49 റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞതോടെ
കളി ആസ്വദിക്കാന്‍ പറ്റാതെ പോയ സാറ ഹോട്ടല്‍ മുറിയില്‍ ഒറ്റക്ക് അടച്ചിട്ടിരിക്കുക അവള്‍ പലരുടെയും പരിഹാസത്തിന് പാത്രമാകുക പോലും ചെയ്തു. പത്തുമാസം അവര്‍ ക്രിക്കറ്റില്‍ നിന്നും മാറി നിന്നു .

കോച്ച് മാര്‍ക് റോബിന്‍സണ്‍ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ സാറ 2017 തന്നെ തന്റെ കവര്‍ ഡ്രൈവുകളുമായി വീണ്ടും വാര്‍ത്തയായി .2017 ലെ ഏക ദിന ലോകകപ്പില്‍ 49.5 ശരാശരിയില്‍ സാറ 396 റണ്‍സ് അടിച്ചുകൂട്ടി. ഒപ്പം സെമിഫൈനലില്‍ നേടിയ 54 റണ്‍സും ഫൈനലില്‍ നേടിയ 45 റണ്‍സും ടീമിന് സമ്മാനിച്ചത് ടുര്‍ണമെന്റ് കിരീടം കൂടിയായിരുന്നു . അതേ ടൂര്‍ണ്ണമെന്റില്‍ ബ്രിസ്റ്റോളില്‍ സൗത്താഫ്രിക്കക്കെതിരെ സാറ തന്റെ ഉയര്‍ന്ന സ്‌കോറും കണ്ടെത്തി. 49 പന്തില്‍ 50 ലെത്തിയ സാറക്ക് 100 തികക്കാന്‍ പിന്നീട് വേണ്ടിവന്നത് 31 പന്തുകള്‍ മാത്രമായിരുന്നു. 40 ആം ഓവറില്‍ ഷാബ്‌നിം ഇസ്മയിലിന്റ ഓവറില്‍ 5 ഫോറുകള്‍ കണ്ടെത്തിയ സാറ നേടിയത് 147 റണ്‍സായിരുന്നു .ഒപ്പം 118 പന്തില്‍ സെഞ്ച്വറി തികച്ച ടമി ബെമണ്ടിനൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 272 റണ്‍സിന്റെ ലോക റെക്കോര്‍ഡും പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 5 വിക്കറ്റിന് 375 റണ്‍സ് . അന്ന് ചേസ് ചെയ്ത സൗത്താഫ്രിക്ക 9 വിക്കറ്റിന് 305 റണ്‍സ് നേടിയപ്പോള്‍ അതും ഒരു ലോക റെക്കോര്‍ഡ് ആയി. വനിതാ ക്രിക്കറ്റില്‍ രണ്ട് ടീമുകളും 300 കടന്ന ആദ്യ മത്സരം . കൂടാതെ മാച്ചില്‍ പിറന്ന 678 റണ്‍സ് മറ്റൊരു ലോക റെക്കോര്‍ഡ് ആയി .ഇംഗ്‌ളണ്ട് മത്സരം ജയിച്ചത് 68 റണ്‍സിനായിരുന്നു .

പക്ഷേ വിഷാദരോഗം സാറയെ വിടാതെ പിന്തുടര്‍ന്നു.വീണ്ടുമൊരു തിരിച്ചുവരവിനായി അവള്‍ ശ്രമിച്ചെങ്കിലും 2019 ടി ട്വന്റി ലോകകപ്പിനുള്ള ടീമില്‍ നിന്നും സ്വയം പിന്മാറിയ സാറ മുപ്പതാം വയസ്സില്‍ എന്നെന്നേക്കുമായി കളി നിര്‍ത്തി .ആഷസിലെ സമനിലയില്‍ അവസാനിച്ച ടെസ്റ്റില്‍ 5 റണ്‍സ് നേടി സാറേ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനോട് വിടചൊല്ലി .പക്ഷേ അപ്പോഴേക്കും അവര്‍ ചരിത്രമെഴുതി കഴിഞ്ഞിരുന്നു. 226 മാച്ചുകളില്‍ 6533 റണ്‍സ് നേടിയ സാറക്കു മുന്നില്‍ മുന്‍ ഇംഗ്‌ളീഷ് ക്യാപ്റ്റന്‍ ചാര്‍ലട്ട് എഡ്ര്‍ഡ്‌സ് മാത്രം . 232 പുറത്താക്കലുകളുമായി ലോക റെക്കോര്‍ഡ് സ്ഥാപിച്ച സാറക്ക് അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല . ഇന്റര്‍നാഷണല്‍ വനിതാ ക്രിക്കറ്റില്‍ 100 സ്റ്റംപിങ്ങ് അവകാശപ്പെടാന്‍ മറ്റൊരാളില്ല . മാത്രമല്ല പുരുഷ വനിതാ ക്രിക്കറ്റില്‍ ഠ20 ല്‍ 50 സ്റ്റംപിങ്ങ് നടത്തിയ ഒരേയൊരു താരമാണ് സാറ. തീര്‍ന്നില്ല ഠ20 ല്‍ 2000 റണ്‍സ് നേടിയ ഒരേയൊരു വിക്കറ്റ്കീപ്പര്‍ സാറ മാത്രം . മൂന്ന് വിജയ് മൂന്നുതവണ ഐസിസി പ്ലെയര്‍ ഓഫ് ദ ഇയറിനെ കൂടാതെ രണ്ട് ലോകകപ്പുകള്‍ കൂടി നേടി അവസാന ഘട്ടത്തിലും വിക്കറ്റിന് സാറയുടെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ് .

കരിയറിലെ അവസാന സീരീസിലും സാറയുടെ മിന്നലാട്ടം കണ്ടിരുന്നു .2019 ലെ ആഷസ് പരമ്പരയില്‍ നതാലിയ സില്‍വറിന്റെ ലെഗ് സൈഡില്‍ എറിഞ്ഞ നിരുപദ്രവമായ പന്തില്‍ എല്ലിസ പെറിക്ക് കാലൊന്ന് തെറ്റിയപ്പോള്‍ പന്തിനെ റാഞ്ചിയെടുത്ത് മിന്നല്‍ സ്റ്റംപിങ്ങ് നടത്തിയപ്പോള്‍ പെറി അന്തം വിട്ട് നിന്നു പോയി .ഇംഗ്ലണ്ടിന്റെ തന്നെ കീപ്പര്‍ ബെന്‍ ഫോക്‌സിനെയിം തന്റെ ടീം മേറ്റ് ആമി ജോണ്‍സിനെയും ഇതിഹാസം ധോണിയെയും ഏറെ ഇഷ്ടപ്പെടുന്ന സാറ ആര്‍സനണല്‍ ഫുട്‌ബോള്‍ ക്‌ളബ്ബിന്റെ കടുത്ത ആരാധിക കൂടിയാണ് .

കൗണ്ടിയില്‍ സസെക്‌സിനുവേണ്ടി കളിച്ചിരുന്ന സാറ പിന്നീട് സസ്സക്‌സിന്റെ തന്നെ സീനിയര്‍ മെന്‍സ് ടീമിന്റെ കോച്ച് ആയി വീണ്ടും ഒരു ചരിത്രമെഴുതി . കളിക്കളത്തിന് പുറത്തും തന്റെ സൗന്ദര്യം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ സാറ യുകെ ഹെല്‍ത്ത് വിഭാഗം സ്ത്രീകളുടെ ശാരീരിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോസ് സീരീസിന്റെ ഭാഗമായി നഗ്‌നയായി സ്റ്റംപ് ചെയ്ത ബയ്ല്‍ ഇളക്കുന്ന ഫോട്ടോ 2019 ലെ ഏറ്റവും വൈറലായിരുന്നു ഫോട്ടോകളില്‍ ഒന്നായിരുന്നു .

ഇന്റര്‍നാഷണല്‍ മാച്ചുകളിലെ 6000 ത്തിലധികം റണ്‍സുകളും 7 സെഞ്ചുറികള്‍ക്കുമൊപ്പം കീപ്പിങ്ങിലും വനിതാ ക്രിക്കറ്റിലും വിപ്ലവം സൃഷ്ടിച്ച സാറയുടെ ഫ്രീ സ്‌ട്രോക്ക് പ്ലേ പോലെ തന്നെ പുഞ്ചിരി നിറഞ്ഞ ആ സുന്ദര മുഖത്തെ ഇഷ്ടപ്പെടാത്ത ക്രിക്കറ്റ്‌പ്രേമികള്‍ ഉണ്ടാകില്ല .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like