റിസ്‌വാന്‍ കേരളത്തിനായി കളിച്ചത് ഉപ്പയുടെ മരണം അറിയാതെ, ആഹ്ലാദം അലതല്ലിയ ടീം ക്യാമ്പ് മൂകമായി മാറി

കേരളം സന്തോഷ് ട്രോഫി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൈതാനത്ത് ആഘോഷം നടത്തുന്നതിനിടെ ടീമിനെ തേടി ഒരു ദുഖ വാര്‍ത്ത. മധ്യനിരയില്‍ തിളങ്ങിയ റിസ്വാന്‍ അലിയുടെ പിതാവ് മരണപ്പെട്ടു എന്നതായിരുന്നു അത്. ഇതോടെ അതുവരെ ആഹ്ലാദം അലയടിച്ച ടീം ക്യാമ്പ് മൂകമായി മാറി.

കളി തീര്‍ന്നപ്പോള്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായതിന്റെ ആഹ്‌ളാദത്തിലായിരുന്നു റിസ്വാന്‍. ടീം അംഗങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുന്നതിനിടെയാണ് പിതാവിന്റെ വിയോഗ വിവരം അറിയുന്നത്.

സന്തോഷം ദുഖമായി, ഉടന്‍ മൈതാനം വിട്ടു. ഡ്രസ്സിങ്ങ് റൂമില്‍ നിന്ന് സ്വദേശമായ കാസര്‍ഗോട്ടേ തൃക്കരിപ്പൂരിലേയ്കും. കരിയറിലെ മികച്ച നേട്ടത്തിന്റെ സന്തോഷത്തിനിടെയാണ് പ്രിയ പിതാവിനെ റിസ്വാന് നഷ്ടമായത്. ഫൈനല്‍ റൗണ്ട് ഉറപ്പിക്കാനുള്ള കേരളത്തിന്റെ ഓരോ കളികളിലും തിളങ്ങിയ താരമാണ് റിസ്വാന്‍. ഗോളും നേടി. മധ്യ നിരയില്‍ കേരളത്തിന്റെ കരുത്ത്. റിസ്വാന് കളിക്ക് കരുത്തും പിന്തുണയും നല്‍കിയിരുന്നു പിതാവ് മുഹമ്മദലി. തന്റെ നേട്ടം നേരിട്ട് അറിയിക്കും മുന്‍പാണ് പിതാവിന്റെ വിയോഗം.

കളി കഴിഞ്ഞ ഉടന്‍ കേരള ടീം ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് കെഎഫ് എ ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്റെ ഫോണിലേക്ക് റിസ്വാന്റെ പിതാവ് മുഹമ്മദലിയുടെ വിയോഗ വിവരം എത്തുന്നത്.

സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഇത്തവണ മികച്ച പ്രകടനത്തോടെയാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ഒറ്റക്കളി പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം ഫൈനല്‍ റൗണ്ടുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ കരുത്തരായ മിസോറാമുള്‍പ്പെടെയുള്ള ടീമുകളെ അനായാസം കീഴടക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. അഞ്ച് കളികളിലും മികച്ച വിജയം. ഗോള്‍ ശരാശിയിലും ഏറെ മുന്നില്‍. അടിച്ചു കൂട്ടിയത് 24 ഗോളുകള്‍. വഴങ്ങിയത് രണ്ടെണ്ണം മാത്രം.പുതുമുഖ താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും.

 

You Might Also Like