ഇഷാനെ മധ്യനിരയില്‍ കളിപ്പിക്കാനാകില്ല, സഞ്ജു ഇന്ത്യന്‍ ടീമിലേക്ക്‌

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ഒരുക്കം തകൃതിയായി നടക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പിനെ മ്ലാനമാക്കിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സൂപ്പര്‍ താരം കെഎല്‍ രാഹുല്‍ പാകിസ്ഥാനെതിരെ അടക്കം ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. പരിക്കില്‍ നിന്ന് രാഹുല്‍ പൂര്‍ണ്ണമായി മുക്തമാകാന്‍ ഒരാഴ്ച്ച കൂടി വിശ്രമം അവശ്യമാണെന്നാണ് ദ്രാവിഡ് അറിയിച്ചത്. ഏകദിന ലോകകപ്പ് പരിഗണിച്ചാണ് ഈ തീരുമാനം.

‘ആളുകള്‍ നമ്മളൊരുപാട് പരീക്ഷണം നടത്തുന്നതായി ആരോപിക്കുന്നു. എന്നാല്‍ 18-20 മാസങ്ങള്‍ക്ക് മുമ്പ്, 4, 5 നമ്പറുകളിലേക്ക് ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് എനിക്ക് പറയാമായിരുന്നു. എല്ലായ്‌പ്പോഴും കെഎല്‍, പന്ത്, അയ്യര്‍ എന്നിവര്‍ക്കിടയിലായിരുന്നു മത്സരം, പക്ഷേ നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും ഒരുപോലെ പരിക്കേറ്റു’ ദ്രാവിഡ് നിസഹായാവസ്ഥ വ്യക്തമാക്കി.

 

ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് രാഹുല്‍ പുറത്തായ സ്ഥിതിയ്ക്ക് ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക എന്നത് കനമുളള ഒരു ചോദ്യമായി മാറിയിരിക്കുന്നു. രാഹുലിന് പകരം ടീമിലുളള ഇഷാന്‍ കിഷനാണോ, ബക്ക് അപ്പ് പ്ലെയറായി സ്‌ക്വാഡിലുളള സഞ്ജു സാംസനാണോ കീപ്പറാകുക എന്നതാണ് ചോദ്യം.

ഇതിന് ആദ്യ ഉത്തരം സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും എന്നതാണ്. എന്നാല്‍ അത് അത്ര എളുപ്പത്തില്‍ ഇന്ത്യന്‍ ടീമില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല എന്നതാണ് ടീം മാനേജുമെന്റ് നേരിടുന്ന തലവേദന. ഇഷാന്‍ കിഷന്‍ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ആണ്, രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, കിഷനെ എവിടെയാണ് കളിപ്പിക്കുക. കാന്‍ഡിയില്‍ പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിന് മുമ്പ് ഇന്ത്യന്‍ മാനേജ്മെന്റിന് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്ന ചോദ്യമാണിത്.

മറുവശത്ത് സഞ്ജു സാംസണ്‍ ആകട്ടെ നാലാമനായും അഞ്ചാമനായും മൂന്നാമാനായുമെല്ലാം ഏകദിനത്തില്‍ ഇതിനോടകം കഴിവ് തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു മധ്യനിര ബാറ്ററെന്ന നിലയില്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാം. പക്ഷെ അങ്ങനെയെങ്കില്‍ രാഹുലിന് ഏഷ്യാ കപ്പില്‍ പൂര്‍ണ്ണ വിശ്രമം അനുവദിച്ച് സഞ്ജുവിനെ പ്രധാന ടീമിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും. അതിന് മാനേജുമെന്റ് എത്രത്തോളം സന്നദ്ധമാകുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

You Might Also Like