സെഞ്ച്വറി കൊണ്ട് ആറാടി സൂര്യ, കൂറ്റന്‍ ജയവുമായി മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ്

Image 3
CricketCricket News

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബദിനെതിരെ തകര്‍പ്പന്‍ ജയവുമായി മുംബൈ ഇന്ത്യന്‍സ്. സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ് ആറാടിയപ്പോള്‍ സണ്‍റൈസസ് ഹൈദരാബാദ് മുന്നോട്ട് വെച്ച 174 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇന്ത്യന്‍സ് വിജയതീരത്തെത്തിയത്.

മൂന്നിന് 31 എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിട്ട മുംബൈയെ സൂര്യകുമാര്‍ യാദവ് ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. 51 പന്തില്‍ 12 ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. തിലക് വര്‍മയാകട്ടെ 32 പന്തില്‍ ആറ് ഫോറടക്കം പുറത്താകാതെ 37 റണ്‍സുമായി സൂര്യയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നു.

ഇഷാന്‍ കിഷന്‍ (9), രോഹിത്ത് ശര്‍മ്മ (4), നമാന്‍ ദിര്‍ (0) എന്നിന്നവരാണ് പുറത്തായ മുംബൈ ബാറ്റര്‍മാര്‍. സണ്‍റൈസസിനായി ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസസ് ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സാണ് നേടിയത്. 30 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് സണ്‍റൈസസിന്റെ ടോപ് സ്‌കോററായത്. നിതീഷ് കുമാര്‍ റെഡ്ഡി 15 പന്തില്‍ രണ്ട് ഫോറടക്കം 20 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 17 പന്തില്‍ രണ്ട് സിക്‌സും ഫോറും സഹിതം പുറത്താകാതെ 35 റണ്‍സും നേടി.

മാര്‍ക്കോ ജാന്‍സണ്‍ (17), അഭിഷേക് ശര്‍മ്മ (11), മായങ്ക് അഗര്‍വാള്‍ (5), ഹെന്റിച്ച് ക്ലാസന്‍ (2), ഷഹ്ബാസ് അഹമ്മദ് (10), അബ്ദുല്‍ സമദ് (3) എന്നിങ്ങനെയാണ് മറ്റ് സണ്‍റൈസസ് ഹൈദരാബാദ് ബാറ്റര്‍മാരുടെ പ്രകടനം.

മുംബൈയ്ക്കായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയും പിയൂഷ് ചൗളയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. ഹാര്‍ദ്ദിക്ക് നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും പിയൂഷ് 33 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുംറയും അന്‍ഷന്‍ കംബോജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.