സഞ്ജുവോ സൂര്യയോ?, മൂന്നാം സ്ഥാനത്തിനായി ക്രിക്കറ്റ് ലോകത്ത് വന്‍ അടി

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ യുവടീമിനെ കളത്തിലിറക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് തലവേദന നിരവധിയാണ്. പുതിയ ടീമിനെ കെട്ടിപടുക്കണം എന്ന് മാത്രമല്ല ആരെല്ലാം ഏതെല്ലാം സ്ഥാനത്ത് ഇറക്കണം എന്ന കാര്യത്തിലും സെലക്ടര്‍മാര്‍ വലിയ ചര്‍ച്ചയാണ് നടത്തുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.

അതെസമയം സെലക്ടര്‍മാര്‍ക്ക് ഏറ്റവും വലിയ തലവേദന മൂന്നാം സ്ഥാനത്ത് ആരെ കളിപ്പിക്കണം എന്ന കാര്യത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് താരങ്ങളുടെ പേരാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനെ കൂടാതെ മുംബൈ ഇ്ന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവും സണ്‍റൈസസ് താരം മനീഷ് പാണ്ഡ്യയേയുമാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ ശേഷം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ചു കൊണ്ട് തന്നെ തുടങ്ങി താരം അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയും നേടിയിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന സൂര്യ ഏതു തരത്തിലുള്ള ഷോട്ടുകളും പരീക്ഷിക്കാന്‍ മിടുക്കനാണ്. മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോവാനുള്ളള കഴിവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ലങ്കയ്ക്കെതിരേ മൂന്നാം നമ്പറില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നതും സൂര്യയാണ്.

സഞ്ജുവാകട്ടെ കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറിയടിച്ചിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 277 റണ്‍സുമായി സീസണില്‍ ടീമിന്റെ ടോപ്സ്‌കോറര്‍ കൂടിയായിരുന്നു സഞ്ജു.

അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് വലിച്ചെറിയുന്നുവെന്നതും സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതുമായിരുന്നു സഞ്ജുവിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ കുറേക്കൂടി ക്ഷമാപൂര്‍വ്വം ബാറ്റ് ചെയ്യുന്ന സഞ്ജുവിനെയാണ് നമ്മള്‍ കണ്ടത്. മാത്രമല്ല ബാറ്റിങില്‍ സ്ഥിരത നിലനിര്‍ത്താനും അദ്ദേഹത്തിനായിരുന്നു.

പ്രതിഭയുണ്ടായിട്ടും അത് വേണ്ട രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്ത ബാറ്റ്സ്മാനെന്നാണ് മനീഷ് പാണ്ഡെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി തുടരാനാണ് താരത്തിന്റെ വിധി. അവസരം ലഭിച്ചപ്പോഴൊന്നും അതു വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതു കാരണമാണ് പാണ്ഡെയ്ക്കു ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കാതിരുന്നത്.

ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 193 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ നേടിയ 61 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. നേരത്തെ ഇന്ത്യയ്ക്കായി സെഞ്ച്വറിയും മനീഷ് സ്വന്തമാക്കിയിട്ടുണ്ട്.

നായകന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരടക്കമുള്ള പ്രമുഖരില്ലാതെയാണ് ഇന്ത്യന്‍ ടീം ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്നത്. ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനം കൂടിയാണിത്. അന്നു മഹാമാരിയെ തുടര്‍ന്ന് പര്യടനം മാറ്റിവയ്ക്കുകയായിരുന്നു.

 

You Might Also Like