ഏത് സ്ഥാനത്ത് ബാറ്റേന്താനാണ് ഇഷ്ടം? മുന്‍ താരങ്ങളുടെ ചോദ്യത്തിന് സഞ്ജു നല്‍കിയ മാസ് മറുപടി

അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയതിന് ശേഷം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹമാണ്. മുന്‍ താരങ്ങളടക്കം സഞ്ജുവിന്റെ പ്രതിഭയെ വാഴ്ത്തുകയാണിപ്പോള്‍ മത്സരശേഷം മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരുമായ അജയ് ജഡേജ, ഗ്രെയിം സ്വാന്‍ എന്നിവര്‍ സഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവും ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

‘ട്വന്റി20 ക്രിക്കറ്റില്‍ എത്രാം നമ്പറില്‍ ബാറ്റു ചെയ്യാനാണ് ഇഷ്ടം?’ സഞ്ജുവിന്റെ മറുപടി ഇങ്ങനെ, ‘1,2,3,4,5,6.. എതു സ്ഥാനത്തും ബാറ്റുചെയ്യും’!

ഇതുകേട്ടു ജഡേജയും സ്വാനും പൊട്ടിച്ചിരിക്കുന്നതിനിടെ സഞ്ജു തുടര്‍ന്നു, ‘കഴിഞ്ഞ 6-7 വര്‍ഷത്തിനിടെ ഈ ഫോര്‍മാറ്റില്‍ ഒരുവിധം എല്ലാ സ്ഥാനത്തും ഞാന്‍ ബാറ്റു ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയാണു കളിക്കേണ്ടത് എന്ന മുന്‍പരിചയവും ഉണ്ട്. 4ാം നമ്പറിലോ 5ാം നമ്പറിലോ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യം കരുത്തിനാണ്. പക്ഷേ, ഓപ്പണറായപ്പോള്‍ ഞാന്‍ നിലയുറപ്പിക്കാന്‍ അല്‍പം സമയം എടുത്തു. ടീമിലെ നിങ്ങളുടെ ദൗത്യം കൃത്യമായി മനസ്സിലാക്കണം. അതിന് അനുസരിച്ചുവേണം കളിക്കാന്‍’ സഞ്ജുവിന്റെ വാക്കുകള്‍.

ബാറ്റിങ് സ്ഥാനം ഏതാണങ്കിലും സ്വീകരിക്കാന്‍ തയാറാണെന്നു സഞ്ജു പറഞ്ഞുവയ്ക്കുന്നത് സെലക്ടര്‍മാര്‍ക്ക് കൂടിയുളള സൂചനയാണ്. ജൂലൈ 7ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ട്വന്റി20 മത്സരം. 3 മത്സര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടംപിടിക്കും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

You Might Also Like