ഈ ജയം അവനിലെ നായകനും ബാറ്റ്‌സ്മാനും അടുത്ത തലത്തിലെത്താനുളള ആത്മവിശ്വാസം നല്‍കും, തീര്‍ച്ച

ധനേഷ് ദാമോദരന്‍

ഡേവിഡ് വാര്‍ണറിനോളം വരില്ലെങ്കിലും ,തുടക്കത്തില്‍ പതറിയിട്ടും പകരക്കാരനായ മനീഷ് പാണ്ഡെ തന്നെ ഏല്‍പ്പിച്ച ദൗത്യം ഏതാണ്ട് പൂര്‍ത്തിയാക്കി 31 റണ്‍സുമായി മടങ്ങുമ്പോള്‍ സ്‌കോര്‍ 6 ഓവറില്‍ 57 ലെത്തിയിരുന്നു .

സണ്‍റൈസസ് ഹൈദരാബാദിന് 221 റണ്‍സ് എന്ന കൂറ്റന്‍ ചേസില്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജോണി ബെയര്‍‌സ്റ്റോ ഒരു 10-15 ഓവറുകള്‍ പിടിച്ചു നിന്ന് ഒരു ബട്ട്‌ലര്‍ മോഡ് ഇന്നിങ്ങ്‌സ് കളിക്കണമായിരുന്നു .

എന്നാല്‍ 8 ആം ഓവറില്‍ സ്‌കോര്‍ 70 ല്‍ നില്‍ക്കെ ഏറ്റവും അപകടകാരിയായ ജോണി മടങ്ങിയതോടെ അവിടെ സാധ്യതകള്‍ അവസാനിച്ചു കഴിഞ്ഞിരുന്നു .

ദുര്‍ബലമായ മധ്യനിരയില്‍ നായകന്‍ വില്യംസണ്‍ ഒരറ്റത്ത് പിടിച്ചു നില്‍ക്കുമ്പോള്‍ മറുവശത്ത് കൂറ്റന്‍ ഷോട്ടുകള്‍ ഫിയര്‍ലെസ് ആയി കളിക്കുന്ന ഒരാള്‍ വേണ്ടപ്പോള്‍ അബ്ദുള്‍ സമദ് എന്ന ഒരു നല്ല ഓപ്ഷന്‍ ഉണ്ടായിട്ടും ഒരു തരത്തിലും എതിരാളികളെ ഭീഷണിപ്പെടുത്താന്‍ കഴിയാത്ത വിജയ് ശങ്കറെ പോലെ ഒരാളെ ഇറക്കിയതിന് ഭാവനാശൂന്യം എന്നേ പറയാനാകൂ .

എന്നാല്‍ അതും കഴിഞ്ഞ് 2 പേര്‍ക്കു ശേഷം ഏഴാമനായി കഴിവു തെളിയിച്ച സമദിനെ ഇറക്കുന്നതായിരുന്നു വലിയ അത്ഭുതം . മത്സര ഫലത്തെ ഒരു തരത്തിലും സ്വാധീനിക്കാത്ത സമയത്ത് മുഹമ്മദ് നബി തെവാട്ടിയയുടെ ഒരോവറില്‍ 2 സിക്‌സര്‍ പറത്തിയത് മാത്രമായിരുന്നു ഒരു കടന്നാക്രമണമായി കണ്ടത് .

17ാം ഓവറില്‍ സ്‌കോര്‍ 142 ല്‍ നില്‍ക്കെ സമദും കേദാര്‍ ജാദവു മുട്ടു മടക്കിയതോടെ ടൂര്‍ണമെന്റിലെ ഏറ്റവും മോശം മധ്യനിര തങ്ങളുടേതാണെന്ന് ഹൈദരാബാദ് ഒരിക്കല്‍ കൂടി തെളിയിച്ചു . അവസാന ഓവറെത്തമ്പോഴേക്കും ഹൈദരാബാദിന് നേരിടേണ്ടിയിരുന്നത് 6 പന്തില്‍ 64 എന്ന അസാധ്യ ലക്ഷ്യമായിരുന്നു .

3 വിക്കറ്റെടുത്ത മോറിസിനൊപ്പം ത്യാഗിയും സക്കരിയായും മികച്ചു നിന്നപ്പോള്‍ ഏറ്റവും മികച്ച പ്രകടനം തിരെ വിട്ടു കൊടുക്കാതെ വിക്കറ്റുകളും പിഴുത മുസ്തഫിസുറിന്റെതായിരുന്നു .അപ്പഴും രാഹുല്‍ തെവാത്തിയ എന്ന ഒരാളെ മാത്രം വെച്ച് സ്പിന്‍ ആക്രമണം എന്നത് രാജസ്ഥാന്റെ ഒഴിവാക്കാനാകാത്ത തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു.

ഈ വിജയം സഞ്ജു എന്ന നായകനും ബാറ്റ്‌സ്മാനും അടുത്ത തലത്തിലെത്താനുള്ള ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പ് .ഒപ്പം ബട്ട് ലറിന്റെ ഫോം അവര്‍ക്ക് ആശ്വാസവുമാണ് .

ദുര്‍ബലമായ ബാറ്റിങ്ങിനൊപ്പം പൊതുവെ അവരുടെ ശക്തിയായ ബൗളിങ്ങിലും വിള്ളല്‍ വീഴുമ്പോള്‍ പാതിവഴിയില്‍ നായകനെ മാറ്റുക കൂടി ചെയ്ത ഹൈദരാബാദിന്‌ന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവുകയാണ് .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like